തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വന്തം ഭൂമിയായി കാണിച്ചിരിക്കുന്നത് മിച്ചഭൂമി. കൊടിയത്തൂര്‍ വില്ലേജില്‍ ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഭൂമിയുടെ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. അതിനിടെ മിച്ചഭൂമി കേസില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസിന് താലൂക്ക് ലാൻഡ് ബോർഡ് നോട്ടീസ് അയച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോർജ് എം തോമസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഭൂമി സംബന്ധമായി നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുള്ളത്. കൊടിയത്തൂര്‍ വില്ലേജിലെ 188 / 2 സര്‍വേ നമ്പറില്‍പെട്ട നാലേക്കര്‍, പത്ത് സെന്‍റ് ഭൂമിയാണ് തന്‍റെ ഉടമസ്ഥതയിലുള്ളതായി എം.എല്‍.എ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. മിച്ചഭൂമിയായി കണ്ടെത്തി, എം.എല്‍.എയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതും 188/2 സര്‍വേ നമ്പറില്‍പെട്ട നാലേക്കര്‍ ഭൂമിയാണ്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞ നാലേക്കര്‍ പത്ത് സെന്‍റ് ഭൂമിക്ക് എം.എല്‍.എ നികുതിയടക്കാത്തതിനാല്‍ രേഖകള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കാം. എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനും കഴിയും. ജോർജ് എം തോമസ് എം.എല്‍.എയും സഹോദരങ്ങളും കൈവശം വെച്ചിരിക്കുന്ന 16.4 ഏക്കര്‍ മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ 2000-ലാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. ആറു കോടി മതിപ്പുവില വരുന്നതാണ് ഈ ഭൂമിയെന്ന് ജോര്‍ജ് എം തോമസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഭൂമിയും, അതിന്‍റെ ആദായവും 18 വര്‍ഷമായി എം.എല്‍.എയും കുടുംബവും അനുഭവിക്കുന്നതെന്നാണ് പരാതി. അതിനിടെ മിച്ചഭൂമി കേസില്‍ വിചാരണയ്ക്ക് ഹാജരാകാന്‍ തിരുവമ്പാടി എംഎൽഎ ജോർജ്ജ് എം തോമസിന് താലൂക്ക് ലാൻഡ് ബോർഡ് നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചുവെെന്നും വിശദമായ മറുപടി നൽകുമെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ജോർജ് എം തോമസ് MLA ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന് പിന്നാലെ, അന്‍വറിനെ ന്യായീകരിച്ച് രംഗത്തെത്തിയ ജോര്‍ജ് എം തോമസും മിച്ചഭൂമി തട്ടിപ്പ് നടത്തിയതിന്‍റെ കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി.