ഓണം മുന്നില്‍, പണമില്ലാതെ നട്ടം തിരിഞ്ഞ് സപ്ലൈകോ; ഔട്ട്‌ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങളില്ല, വലഞ്ഞ് ജനം

Jaihind Webdesk
Friday, August 4, 2023

 

തിരുവനന്തപുരം: ഓണം കണ്‍മുന്നിലെത്തിയിരിക്കെ ആവശ്യത്തിന് പണമില്ലാതെ നട്ടം തിരിഞ്ഞ് സപ്ലൈകോ. ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി മാത്രം. അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് കുടിശിക തീർക്കാൻ വകയിരുത്തി സർക്കാർ. അതേസമയം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക.

ഓണത്തിന് വേണ്ടിയുള്ള സൂപ്പർ സ്പെഷ്യൽ ഓണച്ചന്തകൾ അടക്കം തയാറാക്കിയിട്ടും പണത്തിനു വേണ്ടി നെട്ടോട്ടമോടുകയാണ് സപ്ലൈകോ. ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന് സപ്ലൈക്കോക്ക് ചെലവാക്കാൻ സാധിക്കുന്നത് 70 കോടി രൂപ മാത്രമാണ്. അടിയന്തരമായി അനുവദിച്ച 250 കോടിയിൽ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീർക്കാനാണ് വകയിരുത്തിയിട്ടുള്ളത്. അതേസമയം ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാർഡുടമകള്‍ക്ക് മാത്രമായിരിക്കും. സബ്സിഡി നിരക്കിൽ സാധാരണ മാസങ്ങളിൽ ലഭ്യമാക്കുന്ന 13 ഇനം അവശ്യ സാധനങ്ങള്‍ക്കുപോലും 40 കോടി രൂപ ചെലവ് വരുന്നുണ്ട്. അതിൽ നാല് ഇരട്ടി ഉൽപ്പന്നങ്ങൾ എങ്കിലും ഓണക്കാലത്ത് എത്തിക്കണം. എന്നാൽ സബ്സിഡി തുകയ്ക്ക് മാത്രമായി 80 കോടിയോളം രൂപ ചിലവ് വരും എന്നാണ് കണക്കുകൂട്ടൽ. കരാറുകാര്‍ക്ക് നിലവിലുള്ള കുടിശിക മാത്രം 600 കോടി വരും.

മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് പുറമെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അടക്കം കഴിയുന്ന പാവപ്പെട്ടവര്‍ക്കും കിറ്റ് എത്തിക്കാനാണ് ധാരണ. എന്നാൽ അനുവദിച്ച 240 കോടിക്ക് പുറമെ മറ്റൊരു 240 കോടിയെങ്കിലും കിട്ടിയാലെ തൽക്കാലം പിടിച്ച് നിൽക്കാനാകൂ എന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്. അതേസമയം സപ്ലൈകോയുടെ മാവേലിസ്റ്റോർ, കെ-സ്റ്റോർ എന്നിവിടങ്ങളിൽ ആവശ്യത്തിന് സാധനങ്ങളില്ലാത്തതിനാൽ ജനം വലയുന്ന കാഴ്ചയാണ് കാണാനാകുന്നത്. സബ്സിഡിയിൽ ലഭിക്കേണ്ട പ്രധാന ഉത്പന്നങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്.