കശുവണ്ടി തൊഴിലാളികളുടെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ മാനദണ്ഡം ലളിതമാക്കും, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കും: കൊടിക്കുന്നിൽ സുരേഷ്

 

കൊട്ടാരക്കര: കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ കശുവണ്ടി തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മാവേലിക്കര പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്. യുപിഎ സർക്കാരിന്‍റെ കാലത്തെ പല തൊഴിലാളി സൗഹൃദ നയങ്ങളും എന്‍ഡിഎ സർക്കാർ മാറ്റിയതോടെ തൊഴിലാളികള്‍ക്ക് അത് തിരിച്ചടിയായെന്ന് കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കശുവണ്ടി തൊഴിലാളികളുടെ നിഷേധിച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുമെന്നും പിഎഫ് പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സർക്കാരിന്‍റെ കാലത്ത് 36 ഹാജറുള്ള തൊഴിലാളികൾക്ക് ഇഎസ്ഐ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാകുമായിരുന്നു. എന്നാൽ അത് ആറുമാസം 78 ഹാജർ എന്ന പരിധി നിശ്ചയിച്ചപ്പോൾ ഒട്ടേറെ തൊഴിലാളികൾക്ക് വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടുകയാണുണ്ടായത്. യുപിഎ സർക്കാരിന്‍റെ കാലത്ത് പത്തുവർഷം സർവീസുള്ള തൊഴിലാളികൾക്ക് പിഎഫ് പെൻഷന് അർഹതയുണ്ടായിരുന്നു. എൻഡിഎ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ തൊഴിലാളികൾക്ക് പിഎഫ് പെൻഷനും ഇല്ലാതാക്കുന്ന സ്ഥിതിയുണ്ടായി. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. കശുവണ്ടി തൊഴിലാളികൾക്ക് ഇഎസ്ഐ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലളിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുന്നത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ കശുവണ്ടി ഫാക്ടറികൾ സന്ദർശിക്കുകയായിരുന്നു സ്ഥാനാർഥി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുപോലെ കശുവണ്ടി തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ 35 ശതമാനം കൂലി വർധന നടപ്പാക്കിയതിനു ശേഷം രണ്ടുതവണ കൂലി പുതുക്കി നിശ്ചയിക്കേണ്ടിയിരുന്നു. നാമമാത്രമായ കൂലി വർധനയാണ് ഇപ്പോൾ നടപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കശുവണ്ടി വികസന കോർപ്പറേഷന്‍റെ കീഴിലുള്ള കശുവണ്ടി ഫാക്ടറികളായ അമ്പുവിള, ഭരണിക്കാവ്, നിലയ്ക്കൽ പാറമല സെന്‍റ് പോൾസ്, നാട്ടുശേരി ത്രീ സ്റ്റാർ, തുരുത്തിക്കര സെന്‍റ്‌ മേരീസ്, ഭൂതക്കുഴി ശ്രീദുർഗ, മുതുപിലാക്കാട് സെന്‍റ് മേരീസ്, ഭരണിക്കാവ് ദിവ്യ, കന്നി മേലഴികത്ത് പാവ കമ്പനി, പടിഞ്ഞാറേക്കല്ലട തറയിൽ, മൈനാഗപ്പള്ളി,വേങ്ങ, തോട്ടുമുഖം, ശാസ്താംകോട്ട, ശൂരനാട് തെക്ക് ആയിരിക്കുന്നം, പതാരം, കാഞ്ഞിരത്തും വിള തുടങ്ങിയ ഫാക്ടറികൾ സന്ദർശിച്ചു. ശൂരനാട് വടക്ക് പുളിമൂട് ജുമാ മസ്ജിദിൽ നടന്ന നോമ്പുതുറ ചടങ്ങിലും പങ്കെടുത്തു. ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളജിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും കണ്ടു.

Comments (0)
Add Comment