തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു. ഒരാൾ കൊവിഡ് ചികിത്സയിലും മറ്റൊരാൾ നിരീക്ഷണത്തിലുമായിരുന്നു. ആനാട് സ്വദേശി ഉണ്ണി, നെടുമങ്ങാട് സ്വദേശി മുരുകേശൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്. സംഭവം ആരോഗ്യസെക്രട്ടറി അന്വേഷിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് ഇന്ന് വൈകിട്ട് ഒരാൾ കൂടി ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് സ്വദേശി മുരുകേശൻ ആണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ തൂങ്ങിമരിച്ചത്. രാവിലെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
മെഡിക്കൽ കോളജിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് മുരുകേശന്റേത്. ഇന്ന് രാവിലെ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശിയായ ഉണ്ണി ഉച്ചയോടെ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ നിന്ന് ചാടിപ്പോയ ഇയാളെ ഇന്നലെ അധികൃതർ പിടികൂടി വീണ്ടും ആശുപത്രിയിലാക്കിയെങ്കിലും ഇന്ന് രാവിലെ വാർഡിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസൊലേഷൻ മുറിയിലാണ് ഇരുവരും തൂങ്ങി മരിച്ചത്. രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതിനെത്തുടർന്ന് കൊവിഡ് മുക്തനായി ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു ഉണ്ണിയുടെ ആത്മഹത്യ. അപസ്മാരം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. ഇന്നലെ ആശുപത്രിയില്‍ നിന്നും ചാടിപ്പോയ ഇയാളെ സ്വദേശമായ ആനാട് വച്ച് നാട്ടുകാരും പോലീസും ചേർന്നു ആരോഗ്യപ്രവർത്തകരെ ഏൽപ്പിക്കുയായിരുന്നു. കൊവിഡ് വാർഡില്‍ രണ്ട് മരണങ്ങള് ഉണ്ടായതോടെ ഇതേക്കുറിച്ച് ആരോഗ്യസെക്രട്ടറി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.