തിരുവനന്തപുരത്ത് കീം പരീക്ഷക്കായി എത്തിയ വിദ്യാര്‍ത്ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു. വഴുതയ്ക്കാടുള്ള പരീക്ഷാ കേന്ദ്രത്തിലെത്തിയ മണക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വന്‍ വിവാദമായിരുന്നു. ഇതിനെതിരെ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. പട്ടം സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂൾ, കോട്ടൺഹിൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് കീം പ്രവേശന പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ വിദ്യാർഥികൾ പുറത്തേക്ക് വരികയും, പുറത്ത് മാതാപിതാക്കൾ കൂട്ടം കൂടി നിൽക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദിവസേന കേസുകള്‍ എണ്ണൂറും കടന്ന് കുതിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടുപോലും തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിലും തീരപ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്സുകള്‍ക്കായുള്ള കീം പരീക്ഷ സര്‍ക്കാര്‍ നടത്തിയത്. സമ്പർക്കവ്യാപനം രൂക്ഷമാകുന്നതിനിടെയാണ് കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം ഉണ്ടായത്.