അത്‌ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക്പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം: അത്‌ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീൽ ജോൺസനാണ് (17) മരിച്ചത്. ഒക്ടോബർ 4 ന് പാലായില്‍ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെയാണ് അഫീലിന് ഹാമർ തലയില്‍ വീണ് ഗുരുതര പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 17 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ തുടർന്നതിന് ശേഷമാണ് അഫീല്‍ മരണത്തിന് കീഴടങ്ങിയത്.

പാലാ സെന്‍റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഫീല്‍. പരിക്കേറ്റതിനെ തുടന്‍ന്ന് കഴിഞ്ഞ 17 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഫീല്‍. പാലായില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെയാണ് വോളന്‍റിയറായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍. ജാവലില്‍ മത്സരത്തിന് തൊട്ടടുത്തായി ഹാമര്‍ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ കോർട്ടിലെ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി ഓടിയെത്തുമ്പോഴാണ് അഫീലിന്‍റെ തലയില്‍ ഒരു മത്സരാർത്ഥി എറിഞ്ഞ ഹാമർ വീണത്. ഹാമര്‍ കോര്‍ട്ട് മുറിച്ചുകടന്ന് ഓടുന്നതിനിടെയായിരുന്നു തികച്ചും ദാരുണമായ സംഭവമുണ്ടായത്.

അഫീലിന് പരിക്കേറ്റതിനെ തുടർന്ന് അത്‌ലറ്റിക് മീറ്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. അതേസമയം മതിയായ സുരക്ഷ ഉറപ്പുവരുത്താതെയാണ് മത്സരങ്ങള്‍ നടത്തിയതെന്നാരോപിച്ച് സംഘാടകര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അത്‌ലറ്റിക് മീറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

AfeelHammer ThrowJunior Athletic Meet
Comments (0)
Add Comment