കോവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളും : മുന്നറിയിപ്പുമായി കൊല്ലം ജില്ലാ കലക്ടര്‍

Jaihind News Bureau
Monday, March 16, 2020

കോവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന മുന്നറിയിപ്പ് നല്‍കുന്ന ഉത്തരവ് കൊല്ലം ജില്ലാ കലക്ടര്‍ പുറത്തിറക്കി. വിവാഹങ്ങൾ പോലെയുള്ള ആഘോഷങ്ങൾക്ക് ഒത്തുകൂടുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. വിവാഹ, ഉൽസവ ആഘോഷങ്ങൾക്കു വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതായ വ്യാപക പരാതിയെ തുടർന്നാണ് കളക്ടർ ഉത്തരവിറക്കിയത് .

കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ജില്ലയുടെ പരിധിയിലെ ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍,  കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍  എന്നിവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

നിയന്ത്രണം ലംഘിച്ച് അന്‍പതില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടുന്നപക്ഷം യുക്തമെന്ന് തോന്നുന്ന  വിധത്തില്‍ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവികളെ ചുമതലപ്പെടുത്തി. തുടര്‍ന്നും  നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടാൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ  പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും അവ പൂട്ടി സീല്‍ ചെയ്യുന്നതിനും നിർദേശം നല്‍കിയിട്ടുണ്ട്. ഘോഷയാത്രകൾ ഒഴിവാക്കി വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും വിശ്വാസപരമായ ആചാര ചടങ്ങുകള്‍ക്ക് അത്യാവശ്യമുള്ള വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

https://youtu.be/vmnXE4LtCUY