ക്രമസമാധാനം നിലനിർത്തുന്നതില്‍ സർക്കാരിന് വീഴ്ച്ച : എല്‍ഡിഎഫിലും അതൃപ്തി

Jaihind Webdesk
Wednesday, December 22, 2021

തിരുവനന്തപുരം :സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ഗുണ്ട ആക്രമണങ്ങള്‍ക്കും പിന്നാലെ സർക്കാരും ആഭ്യന്തരവകുപ്പും സമ്മർദ്ദത്തില്‍. ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന കൊലപാതകങ്ങളില്‍ കേരളം നടുങ്ങിയിരിക്കുകയാണ്. ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവർത്തിച്ചാല്‍ സർക്കാരിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കും.

പൊലീസിനു മേൽ രാഷ്ട്രീയ നിയന്ത്രണം ഇല്ലെന്നതുൾപ്പെടെ ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചകൾ സിപിഎം സമ്മേളനങ്ങളിൽ ഉയരുന്നതിനിടയിലാണ് ആലപ്പുഴ സംഭവങ്ങൾ. പൊലീസിൽ ആർഎസ്എസ് അധിനിവേശമെന്ന ആരോപണം ഒരു വശത്തും പൊലീസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന ആക്ഷേപം മറുവശത്തും ഉയരുമ്പോൾ കൂടിയാണ് ഇത്തരം  സംഭവങ്ങൾ.

രണ്ടു വർഗീയ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലാണ് ആലപ്പുഴ സംഭവങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനയിൽ അപലപിച്ചത്. സ്ഥിതിഗതികൾ മാറുന്നതിലേക്കാണു പാർട്ടിയും വിരൽ ചൂണ്ടുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ വർഗീയ ചായ്‌വുള്ള ഏറ്റുമുട്ടലായി മാറുമ്പോൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന ആവശ്യം ഇടതുമുന്നണിയിൽ തന്നെ ഉയർന്നു.

തീവ്രവാദബന്ധമുളളവർ പൊലീസിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആക്ഷേപം സിപിഎമ്മിനുള്ളിലും ഉണ്ട്. തെരഞ്ഞെടുപ്പിൽ ഇക്കൂട്ടരുടെയും വോട്ടു വാങ്ങിയതു കൊണ്ട് മുഖം നോക്കാതെയുള്ള നടപടിക്കു സിപിഎമ്മും സർക്കാരും അറച്ചു നിൽക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

അതേസമയം, രണ്ടാം പിണറായി സർക്കാറിന്  ക്രമസമാധാനരംഗത്ത് പാളിച്ചകളുണ്ടെന്ന വിമർശനമാണ് ഇക്കഴിഞ്ഞ സിപിഐ നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളിൽ ഉണ്ടായത്. പൊലീസിൽനിന്നു നീതി കിട്ടില്ലെന്ന ചിന്ത ജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഇടയിൽ ശക്തമാകുന്നുവെന്ന്  വിലയിരുത്തലുണ്ടായി. സിപിഐയുടെ മുൻമന്ത്രി സി.ദിവാകരനും ഇപ്പോഴത്തെ മന്ത്രി ജി.ആർ.അനിലും പൊലീസിനെതിരെ പരസ്യവിമർശനം ഉന്നയിച്ചിരുന്നു.