സര്‍ക്കാരിന്‍റെ ധൂര്‍ത്ത് സംസ്ഥാനത്തിന്‍റെ ഖജനാവ് കാലിയാക്കി : വി.ഡി സതീശന്‍ എം.എല്‍.എ

Monday, December 9, 2019

സര്‍ക്കാരിന്‍റെ ധൂര്‍ത്ത് സംസ്ഥാനത്തിന്‍റെ ഖജനാവ് കാലിയാക്കിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍റെ സംസ്‌കാരിക വിഭാഗമായ ‘സരസ് ‘ സംഘടിപ്പിച്ച ‘ഇടതുപക്ഷ സര്‍ക്കാരിന്‍റെ സാമ്പത്തിക കെടുകാര്യസ്ഥത’ എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരവധി ക്യാബിനറ്റ് തസ്തികള്‍ സൃഷ്ടിച്ചും വിദേശയാത്രകള്‍ നടത്തിയും ആസൂത്രണമില്ലാതെ പദ്ധതികള്‍ പ്രഖ്യാപിച്ചും സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അപകടാവസ്ഥയിലാക്കി. വലിയ സാമ്പത്തിക ധൂര്‍ത്തും തെറ്റായ സാമ്പത്തിക നയരൂപീകരണവും ട്രഷറി പൂട്ടേണ്ട സാഹചര്യമൊരുക്കിയിരിക്കയാണ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വ്യക്തമാക്കി കെ.പി.സി.സി ധവളപത്രം പുറപ്പെടുവിക്കും. നികുതി പിരിച്ചെടുക്കുന്നതില്‍ ഉണ്ടായ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്‍റെ ധനസ്ഥിതി പിന്നാട്ടാക്കിയതിന്‍റെ പ്രധാന കാരണമെന്നും അദ്ദഹം ആരോപിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കെ ഹെലികോപ്റ്റര്‍ വാങ്ങാനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശ യാത്ര നടത്തുന്നതിനും ജാള്യതയില്ലാത്തത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ‘സരസ്’ പ്രസിഡന്‍റ് ശിവ പ്രസാദ്, സെക്രട്ടറി രാമചന്ദ്രന്‍നായര്‍, കേരള സെക്രട്ടേറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജ്യോതിഷ് എം.എസ്, ജനറല്‍ സെക്രട്ടറി ബിനോദ് കെ, എന്‍ റെജി എന്നിവര്‍ സംസാരിച്ചു.