വോട്ടര്‍ പട്ടികയിലെ ക്രമക്കേടിന് പിന്നില്‍ ഇടത് നേതാക്കളുടെയും മന്ത്രിമാരുടെയും ഗൂഢാലോചന; നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണം: വി.ഡി സതീശന്‍

Jaihind Webdesk
Thursday, May 2, 2019

ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടി തയാറാക്കിയ വോട്ടർ പട്ടികയിലെ ക്രമക്കേട് സംസ്ഥാനത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് വി.ഡി സതീശൻ എം.എൽ.എ. കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി നടന്ന വൻ ക്രമക്കേട് നിഷ്പക്ഷമായ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലെയും യു.ഡി.എഫിന് വോട്ട് ചെയ്യുന്ന വോട്ടര്‍മാരുടെ 10 മുതല്‍ 30 വരെ പേരുകളാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയത്. ജില്ലാതലം മുതല്‍ താഴേത്തട്ട് വരെയുള്ള ഇലക്ഷന്‍ സംവിധാനത്തില്‍ ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളെ ഉപയോഗപ്പെടുത്തിയാണ് ക്രമക്കേട് നടത്തിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു.

‘പറവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പർ 169ല്‍ നിന്ന് 19 പേരുകളാണ് നീക്കെ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നീക്കം ചെയ്തിരിക്കുന്നവര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത അതേ വീടുകളില്‍ തന്നെയാണ് ഇപ്പോഴും താമസിക്കുന്നത്. ഇതില്‍ കല്യാണം കഴിഞ്ഞുപോയ സ്ത്രീകളോ, ആരെങ്കിലും വീട് മാറുകയോ ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യം പരിശോധിച്ച് ഉറപ്പിച്ചതാണ്. യു.ഡി.എഫിന്‍റെ കോട്ട എന്നറിയപ്പെടുന്ന ഒരു സ്ഥലത്താണ് ഇത്തരത്തില്‍ സംഭവിച്ചിരിക്കുന്നത്’ – വി.ഡി സതീശന്‍ പറഞ്ഞു.

ബൂത്തുതല ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടോ ശുപാര്‍ശയോ അന്വേഷണമോ കൂടാതെ നടത്തിയ ക്രമക്കേടില്‍ മന്ത്രിമാര്‍ അടക്കമുള്ള ഇടതുമുന്നണിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

‘യു.ഡി.എഫിന് വോട്ട് ചെയ്യുന്ന വോട്ടർമാരെ തെരഞ്ഞുപിടിച്ചാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. താഴേതലം മുതല്‍ മുകള്‍ത്തട്ടില്‍ വരെ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. മന്ത്രിമാര്‍ മുതല്‍ ഇടതുമുന്നണിയുടെ സംസ്ഥാന നേതാക്കന്മാര്‍ വരെ ഉള്‍പ്പെട്ട ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്’ – സതീശന്‍ തുടര്‍ന്നു.

ഉദ്യോഗസ്ഥരെയും ഗൂഢാലോചന നടത്തിയ നേതാക്കന്മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി നിയമനടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകുമെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ വ്യക്തമാക്കി.