JAIHIND EXCLUSIVE : കൊറോണ ഭീതിക്കിടയിലും വാളയാറില്‍ സംസ്ഥാന വനം വകുപ്പുദ്യോഗസ്ഥരുടെ പരിശീലന ക്യാമ്പ്

Jaihind News Bureau
Monday, March 16, 2020

കൊറോണ ഭീതിക്കടയിലും സംസ്ഥാന വനം വകുപ്പുദ്യോഗസ്ഥരുടെ പരിശീലന ക്യാമ്പിന് മാറ്റമില്ലാതെ ഇന്ന് തുടക്കമാകുന്നു. പരിശീലകരെ കൂടാതെ, സ്ത്രീകളും – പുരുഷൻമാരും ഉൾപ്പടെ 58 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനും, പ്രതിരോധിക്കുന്നതിന്‍റെയും ഭാഗമായി സർക്കാർ പരിപാടികൾ ഒഴിവാക്കുകയും, ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ പരിശീലന ക്യാമ്പ് ഇന്ന് മുതൽ വാളയാറിൽ ആരംഭിക്കുന്നത്. ജയ്ഹിന്ദ് എക്സ്ക്ലൂസീവ്..

സംസ്ഥാന വനം വകുപ്പിന് കീഴിലുള്ള ബീറ്റ് ഓഫീസർമാരുടെ 6 മാസത്തെ ഫോറസ്ട്രി പരിശീലനം സംബന്ധിച്ച ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിന്‍റെ പകർപ്പാണിത്. ഈ മാസം മൂന്നാം തിയതിയാണ് ഉത്തരവിറങ്ങിയത്. വാളയാർ സ്റ്റേറ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പരിശീലന പരിപാടിക്ക് ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണം എന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ ഉത്തരവിറങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസങ്ങളിൽ കൊറോണ രോഗ ലക്ഷണങ്ങളോടെയും, സംശയത്താലും നിരവധി രോഗികൾ കേരളത്തിലെ വിവിധ ആശുപത്രികളിൽ അഡ്മിറ്റായി. സ്കൂളുകൾക്കും മറ്റും അവധി നൽകി സർക്കാർ ജാഗ്രത പാലിച്ചു. സർക്കാർ പരിപാടികൾ മാർച്ച് 31 വരെ ഒഴിവാക്കി. പൊതുപരിപാടികൾക്കും, മറ്റ് ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. കൊറോണ ഭീതിയെ തുടർന്ന് നാടൊട്ടുക്ക് ഇത്രമാത്രം ജാഗ്രത പാലിക്കുന്നതിനിടെയാണ് വനം വകുപ്പുദ്യോഗസ്ഥരുടെ ക്യാമ്പുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ഇന്നാരംഭിക്കുന്ന പരിശീലന പരിപാടി 6 മാസം നീണ്ടുനൽക്കും. മുമ്പ്പരിശീലനം ലഭിക്കാത്ത 58 ഉദ്യോഗസ്ഥർക്കാണ് വാളയാറിൽ പരിശീലനം നൽകുന്നത്.

ഇവരെ പരിശീലിപ്പിക്കാനായെത്തിയ നിരവധി ഉദ്യോഗസ്ഥരും കൊറോണയുടെ ആശങ്കയിലാണ്. 8 ജില്ലകളിൽ നിന്നുള്ളവർ പരിശീലനത്തിന് തയ്യാറായി വാളയാറിൽ എത്തിക്കഴിഞ്ഞു. പുരുഷ- വനിതാ ഉദ്യോഗസ്ഥർക്ക് ഒരുമിച്ചാണ് പരിശീലനം. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മിക്ക ഉദ്യോഗസ്ഥരും ഭീതിയോടെയാണ് ക്യാമ്പിനെത്തിയിട്ടുള്ളത്. ഇന്നലെ വരെ ക്യാമ്പ് മാറ്റിറിവക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ അവസാന നിമിഷവും ക്യാമ്പിന് മാറ്റമില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ അവർ വാളയാറിലേക്ക് തിരിച്ചു. ഉദ്യോഗക്കയറ്റത്തിന് ഈ പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ വിട്ടുനിൽക്കാനാവാത്ത അവസ്ഥയിലാണ് ജീവനക്കാർ. പരിശീലനം നീട്ടി വക്കുന്ന കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

https://www.youtube.com/watch?v=tEXRcf2KaJ8