എസ്എസ്എൽസി പരീക്ഷ കാലത്തിന് അവസാനം; മൂല്യ നിർണ്ണയം ഏപ്രിൽ 5 മുതൽ

എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു. നാല് ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ 5 മുതൽ മൂല്യ നിർണ്ണയം ആരംഭിക്കും.

പരീക്ഷാകാലം എന്ന പരീക്ഷണം അവസാനിച്ചതിന്റെ ആശ്വാസത്തിലായിരുന്നു വിദ്യാർത്ഥികൾ. എങ്കിലും കൂട്ടുകാരെ പിരിയുന്ന വിഷമവും ഇവർ മറച്ചുവച്ചില്ല.

54 കേന്ദ്രീകൃത ക്യാമ്പുകളിലായി മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുന്നത്. ആദ്യഘട്ട മുല്യ നിർണയം ഏപ്രിൽ 5ന് ആരംഭിച്ച് ഏപ്രിൽ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രിൽ 25ന് ആരംഭിക്കും. ഏപ്രിൽ അവസാനത്തോടെയോ മേയ് ആദ്യവാരമോ ഫലം പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങളിലും ഗൾഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്. 27,436 പേർ. 2114 പേർ പരീക്ഷ എഴുതിയ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏററവും കൂറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. കേന്ദ്രീകൃത മൂല്യ നിർണയത്തിനു മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ ഏപ്രിൽ 2, 3 തീയതികളിൽ 12 സ്‌കൂളുകളിലായി നടക്കും.

Comments (0)
Add Comment