കൊവിഡിനിടയിലും രോഗികൾക്ക് ഇരുട്ടടി നല്‍കി സര്‍ക്കാരും ശ്രീചിത്ര അധികൃതരും; ശസ്ത്രക്രിയക്കുള്ള ചെലവ് രോഗികള്‍ തന്നെ വഹിക്കണം; ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്| VIDEO

Jaihind News Bureau
Sunday, July 19, 2020

കൊവിഡിനിടയിലും  സാധാരണക്കാരായ രോഗികൾക്ക് ഇരുട്ടടി നൽകി സംസ്ഥാന സർക്കാരും  തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും. ന്യൂറോ,ഹൃദയ സംബന്ധമായ അസുഖങ്ങളുടെ  ചികിത്സക്കും   ശസ്ത്രക്രിയക്കുമുള്ള  ഭാരിച്ച ചെലവ് രോഗികൾ തന്നെ വഹിക്കണം. കാരുണ്യ, ആയുഷ്മാൻ പദ്ധതികളുടെ ഗുണം ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

കൊവിഡ് 19ന്‍റെ അതിവ്യാപനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വാർഡ് അടക്കം അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് ന്യൂറോ ഹൃദയ സംബന്ധമായ ഗുരുതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും അടക്കമുള്ള
സൗകര്യങ്ങൾക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സേവനം ലഭ്യമാക്കാൻ തീരുമാനിക്കുന്നത്.  ഇതുസംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിന്‍റെ നിർദ്ദേശം ലഭിച്ചു എന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ പതിനേഴിനാണ്  ശ്രീചിത്ര അധികൃതർ ഉത്തരവ് പുറത്തിറക്കുന്നത്.

ന്യൂറോ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക്  ഏത് ആശുപത്രിയിൽ നിന്നും റഫർ ചെയ്യുന്ന  രോഗികളേയും  ശ്രീചിത്രയിൽ ചികിത്സിക്കുന്നതാണ് എന്നും  അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ അതിനോടൊപ്പം തന്നെ വ്യക്തമാക്കുന്നത് ചികിത്സയ്ക്ക് ആവശ്യമായ ഭാരിച്ച ചെലവ്  രോഗികൾ തന്നെ വഹിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ജനക്ഷേമ പദ്ധതികളായ ആയുഷ്മാൻ ഭാരത് പദ്ധതിയോ കാരുണ്യ ചികിത്സാ പദ്ധതി യോ നിലവിലില്ല എന്നും വ്യക്തമാക്കുന്നു. രോഗികളുടെ സാമൂഹിക സാമ്പത്തിക സാഹചര്യം ചെറിയതോതിലുള്ള സബ്സിഡികൾ ലഭ്യമാക്കാം എന്നാണ് അധികൃതർ പറയുന്നത്.  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഭാരിച്ച ചികിത്സാ ചെലവ് രോഗികൾക്ക് താങ്ങാനാവില്ല എന്ന ആക്ഷേപം നേരത്തെ തന്നെ ശക്തമാണ്.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ അനാസ്ഥയും കഴിവുകേടും സംസ്ഥാന സർക്കാരിന്‍റെ കരുതിക്കൂട്ടിയുള്ള അലംഭാവവും ചേർന്നപ്പോൾ  യുഡിഎഫ് സർക്കാരിന്‍റെ അഭിമാന പദ്ധതിയായ കാരുണ്യപദ്ധതി അടക്കമുള്ള ജനക്ഷേമപദ്ധതികളുടെ സേവനം പോലും ഈ പ്രതിസന്ധി കാലത്ത്  സാധാരണക്കാർക്ക് ലഭിക്കാതെ പോവുകയാണ് .ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ 175 കോടിയിലേറെ ആണ് സർക്കാർ കാരുണ്യ പദ്ധതിയിൽ  കുടിശ്ശിക വരുത്തിയത്.

2019 2020 വർഷത്തിലെ 60 കോടിയിലേറെ രൂപ ഇപ്പോഴും കൊടുത്തിട്ടുമില്ല. ഇതിൽനിന്ന് 145 കോടി മാത്രമാണ് റിലയൻസിന് മുiൾ കൊടുത്തതായി സർക്കാർ അവകാശപ്പെടുന്നത് . റിലയൻസ് പദ്ധതിയിൽ നിന്ന് പിന്മാറിയതോടെ എസ്എച്ച് എ യുടെ കീഴിലാണ് ഇനി പദ്ധതി. കാരുണ്യ ചികിത്സ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് മാറ്റി അഷ്വറൻസ് പദ്ധതി ആക്കുന്നത് സജ്ജീകരണങ്ങൾ ഏർപ്പെടുത്താതെ ആണ് എന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ കൊവിഡ് കാലത്തും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് സർക്കാർ നയം എന്ന് വ്യക്തം.

https://www.facebook.com/JaihindNewsChannel/videos/724738935028051