രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്തു

Jaihind Webdesk
Thursday, June 13, 2019

Ramesh Chennithala Book Release

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകം പ്രകാശനം ചെയ്തു. നിയമസഭയിൽ വെച്ചുനടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിന് നൽകി പ്രകാശനം ചെയ്തു. നാളിതുവരെയുള്ള നിയമസഭാ പ്രസംഗങ്ങൾ കോർത്തിണക്കിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്.

വൈവിധ്യമാർന്ന വിഷയങ്ങളുടെ ശേഖരമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ കാലഘട്ടത്തിലെ രൂപരേഖ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം. പല മേഖലകളിലായുള്ള വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ പുസ്തകത്തിലുണ്ട്. ശ്രേഷ്ഠാ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. എം.എൽ.എ എന്ന നിലയിലും മന്ത്രി ആയതിനു ശേഷമുള്ള പ്രസംഗങ്ങൾ പുസ്തകത്തിലുണ്ട്. പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി സഭയിൽ അവതരിപ്പിക്കുന്നതാണ് രമേശ് ചെന്നിത്തലയുടെ പ്രസംഗങ്ങളെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഒരു കാലത്തിന്‍റെ കണ്ണാടിയാണ് പുസ്തകത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഡോ. എം.കെ മുനീറും പറഞ്ഞു.

പ്രസംഗങ്ങൾ പാർലമെന്‍റിൽ ബൈന്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതുപോലെ നിയമസഭയിലും ഇത്തരം സംരംഭം ആരംഭിക്കണമെന്ന് നന്ദി പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി ശശി, എം.എൽ.എമാരായ പി.ജെ ജോസഫ്, എ.പി അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

https://www.facebook.com/JaihindNewsChannel/videos/2295408880709793/