‘ സ്പീക്ക് അപ് ഇന്ത്യ’ രാജ്യം കണ്ട ഏറ്റവും വലിയ ഡിജിറ്റൽ പ്രതിഷേധം, ജന പങ്കാളിത്തം കൊണ്ടും പിന്തുണ കൊണ്ടും പുതിയ സമരാധ്യായം രചിച്ചു : കെ.സി വേണുഗോപാൽ

ലോക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വീഴ്ചകൾക്കെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക പ്രതിഷേധം ‘സ്പീക്ക് അപ് ഇന്ത്യ’ ജനപങ്കാളിത്തം കൊണ്ടും പിന്തുണ കൊണ്ടും പുതിയ സമരാധ്യായം രചിച്ചുവെന്ന്
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ. രാജ്യത്തെ അതിഥി തൊഴിലാളികളും കർഷകരും, ദിവസ വേതനക്കാരും, കച്ചവടക്കാരും, ചെറുകിട വ്യവസായ സംരംഭകർ തുടങ്ങി സമൂഹത്തിന്‍റെ നാനാ തുറകളിലും പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്ച തുറന്നു കാട്ടാനും പരിഹാരം തേടിയുമാണ് കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ‘സ്പീക്ക് അപ്പ് ഇന്ത്യ’ എന്ന ക്യാമ്പയിനുമായി എത്തിയത്.

രാജ്യം കണ്ട ഏറ്റവും വലിയ ഡിജിറ്റൽ പ്രതിഷേധ സമരമായി ‘സ്പീക്ക് അപ്പ് ഇന്ത്യ’ മാറി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതൽ, മുതിർന്ന എ ഐ സി സി നേതാക്കളും, എംപിമാരും മറ്റു ജനപ്രതിനിധികളും, താഴെ തട്ടിൽ വരെയുള്ള കോൺഗ്രസ് പ്രവർത്തകർ വരെ ഈ കാമ്പയിനിന്‍റെ ഭാഗമായി. സ്പീക്ക് അപ്പ് ഇന്ത്യ എന്ന ഹാഷ് ടാഗ് ട്വിറ്ററിലും, ഫേസ്ബുക്കിലും ആഗോളതലത്തിൽ തന്നെ ഒന്നാമതായിരുന്നു. എഐസിസിയുടെ സോഷ്യൽ മീഡിയ ഡിപ്പാർട്മെന്‍റിന്‍റെ റിപ്പോർട്ട് പ്രകാരം 57 ലക്ഷത്തിലധികം ആളുകൾ ലൈവ് വീഡീയോ പോസ്റ്റ് ചെയ്യുകയും, ഇത് പത്തു കോടിയോളം ആളുകളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ ഈ കാമ്പയിനിന്‍റെ ജനപങ്കാളിത്തവും, ജനങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയും വ്യക്തമാണ്. ഈ ക്യാമ്പയിനിലൂടെ അതിഥി തൊഴിലാളികളുടെയും, കർഷകരുടെയും, നിത്യവേതനക്കാരുടെയും പ്രശ്നങ്ങൾ ഉന്നയിക്കുകയുണ്ടായി.

പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അടുത്ത ആറു മാസത്തേക്ക് 7500 രൂപ ഇട്ട് നൽകുക, അതിൽ തന്നെ 10000 രൂപ ഉടനെ തന്നെ നല്‍കാൻ നടപടികൾ സ്വീകരിക്കുക, അതിഥി തൊഴിലാളികളെ സൗജന്യമായും സുരക്ഷിതമായും സ്വന്തം നാടുകളിലെത്തിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിൽ ദിനങ്ങൾ 200 ദിവസമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ ക്യാമ്പയിനിലൂടെ പ്രവർത്തകരും നേതാക്കളും ഉന്നയിച്ചു. ഈ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ സമീപനത്തോടുള്ള പ്രതിഷേധമാണ് സ്പീക്ക് അപ്പ് ഇന്ത്യ ക്യാമ്പയിനിലൂടെ രാജ്യം സാക്ഷ്യം വഹിച്ചത്.

ഈ ഡിജിറ്റൽ പ്രതിഷേധം വൻ വിജയമാക്കിയ കോൺഗ്രസ് നേതാക്കൾക്കും, ജനപ്രതിനികൾക്കും, പാർട്ടിയുടെ ജീവനാഡിയായ മുഴുവൻ സാധാരണ പ്രവർത്തകർക്കും, എ ഐ സി സി സാമൂഹ്യ മാധ്യമ വിഭാഗത്തിനും, അതിലുപരി ഇതിന്‍റെ ഭാഗമായ മുഴുവൻ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

Comments (0)
Add Comment