യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റ് മാർച്ചിന് ഐക്യദാർഢ്യം; കൊല്ലത്ത് നിന്ന് ഡല്‍ഹിയിലേക്ക് സൈക്കിള്‍ യാത്ര

കൊല്ലം : ഇന്ധന വിലവർധവിനും കർഷകവിരുദ്ധ നിയമങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് പാർലമെന്‍റിലേക്ക് നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൊല്ലത്തുനിന്നും ഡൽഹിയിലേക്ക് സൈക്കിൾ യാത്ര ആരംഭിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഫോട്ടോഗ്രഫറുമായ റാഫി കൊല്ലം എന്ന മുഹമ്മദ് റാഫിയാണ് ഡൽഹിയിലേക്ക് സൈക്കിൾ യാത്ര ആരംഭിച്ചത്. കൊല്ലം ഡിസിസി ഓഫീസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

നാല്‍പത് ദിവസം കൊണ്ട് 2500 ലേറെ കിലോമീറ്റർ താണ്ടി ഡൽഹിയിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോഗ്രാഫറും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ റാഫി കൊല്ലം സൈക്കിൾ യാത്ര ആരംഭിച്ചത്. ഇന്ധന വിലവർധവിനും കർഷക വിരുദ്ധ നിയമങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് പാർലമെന്‍റിലേക്ക് നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യവുമായി സൈക്കിളിൽ പുറപ്പെട്ട റാഫി ഡൽഹിയിലെത്തി മാർച്ചിൽ അണിചേരും. കൊല്ലം ഡിസിസി ഓഫീസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലത്ത് നിന്നും പുറപ്പെട്ട റാഫിയുടെ യാത്ര തൃശൂരിൽ എത്തുന്നതോടെ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിഷ്ണു, റാഫിക്കൊപ്പം ഡൽഹിലേക്ക് അണിചേരും.

യാത്ര കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇവർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണവും സഹായങ്ങളുമൊരുക്കും. മികവുറ്റ ഫോട്ടോഗ്രാഫർ കൂടിയായ കൊല്ലം റാഫി നേരത്തെ രണ്ടു ഘട്ടങ്ങളിലായി 47 ദിവസം ഡൽഹിയിലെ കർഷക സമരത്തിൽ അണിചേർന്ന് ചിത്രങ്ങൾ പകർത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ കൊല്ലത്തെ കടൽ യാത്രയുടേതുൾപ്പെടെ നിരവധി ചിത്രങ്ങളെടുത്തിട്ടുള്ള റാഫി തന്‍റെ സൈക്കിൾ യാത്രയ്ക്കുശേഷം വിപുലമായ ഫോട്ടോ പ്രദർശനമൊരുക്കുവാനും ലക്ഷ്യമിടുന്നുണ്ട്.

Comments (0)
Add Comment