
ഇലക്ട്രല്‍ റോള്‍ പരിഷ്‌കരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന എസ്.ഐ.ആര്‍ നടപടിയുടെ സാധുതയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. എസ്.ഐ.ആര്‍. നടപടി തത്കാലം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണനയ്ക്ക് എടുക്കും.
എസ്.ഐ.ആര്‍. നടപടികള്‍ക്കെതിരെ എതിര്‍കക്ഷികള്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച പ്രധാന വാദങ്ങള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇലക്ട്രല്‍ റോള്‍ പരിഷ്‌കരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധി സംബന്ധിച്ച നിയമപരമായ വ്യക്തത കോടതി നല്‍കിയത് ഹര്‍ജിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു.
എസ്.ഐ.ആര്‍. നടപടികള്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും എസ്.ഐ.ആര്‍. നടപടികളും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായി എന്നും കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ, ബി.എല്‍.ഒ. (ബൂത്ത് ലെവല്‍ ഓഫീസര്‍) മാരുടെ മരണം എസ്.ഐ.ആര്‍. ജോലിയുടെ ഭാരം മൂലമല്ലെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. എസ്.ഐ.ആറിനെതിരെയുള്ള ഹര്‍ജികള്‍ തള്ളിക്കളയണമെന്നും കമ്മീഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.ഐ.ആര്‍. നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇന്ന് സുപ്രീം കോടതിയുടെ നിലപാട് നിര്‍ണായകമാകും.