എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല: ഉത്തര്‍പ്രദേശില്‍ ബിഎല്‍ഒ ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ ആത്മഹത്യ

Jaihind News Bureau
Tuesday, November 25, 2025

ഉത്തര്‍പ്രദേശില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന അധ്യാപകനായ വിപിന്‍ യാദവ് ആണ് ജീവനൊടുക്കിയത്. എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ കടുത്ത സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് വിപിന്‍ യാദവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്ത ആറാമത്തെ ബിഎല്‍ഒ ആണ് വിപിന്‍ യാദവ്.

മരിക്കുന്നതിന് മുമ്പ് വിപിന്‍ യാദവ് ചിത്രീകരിച്ച ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍, മേലുദ്യോഗസ്ഥരില്‍ നിന്നുണ്ടായ കടുത്ത മാനസിക പീഡനമാണ് തന്റെ ജീവനൊടുക്കാനുള്ള കാരണമെന്ന് വീഡിയോയില്‍ തുറന്നു പറയുന്നുണ്ട്. വിഷം കഴിച്ചാണ് അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ലഖ്നൗവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാദവിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.