‘ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് ജോലി, നടപ്പിലാക്കിയവർക്ക് പട്ടിണി’; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി

 

സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹരണ സ്ഥാപനങ്ങളിൽ ജോലി, നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഡം വെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു. ആഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ്‌ വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ലെന്നും ആകാശ് തില്ലങ്കേരിയുടെ ഫേസ് ബുക്ക് കമന്‍റിലൂടെ തുറന്നടിച്ചു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ്  സരീഷിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ആകാശ് തില്ലങ്കേരി വിവാദമായ കാര്യങ്ങൾ കമന്‍റ് ചെയ്തിരിക്കുന്നത്. സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കമന്‍റ് ചെയ്തിരിക്കുന്നത്. സിപിഎമ്മിന്‍റെ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ച് പരാമർശിക്കുന്നതാണ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കമന്‍റ്.

“ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹരണ സ്ഥാപനങ്ങളിൽ ജോലി, നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഡം വെക്കലും പ്രതിഫലം” – ഇതായിരുന്നു ആകാശ് തില്ലങ്കേരിയുടെ കമന്‍റ്. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കേണ്ടി വന്നത്. പാർട്ടിയിലെ ഊതി വീർപ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്ന ഭീഷണി പരാമർശവും തില്ലങ്കേരിയുടെ കമന്‍റിലുണ്ട്. ആഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ് വഴികൾ തെരഞ്ഞെടുക്കേണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. സമൂഹമാധ്യമങ്ങളിൽ ഇത് ചർച്ച ആയതോടെ കമന്‍റ് ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി.

ഷുഹൈബ് വധക്കേസിലും ഒപ്പം സ്വർണ്ണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന ഒരു ടീമും പാർട്ടിയുടെ ഔദ്യോഗിക വിഭാഗവും തമ്മിൽ വലിയ അകൽച്ചയിലാണിപ്പോൾ. ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ പൊതുവേദിയിൽ വെച്ച് ട്രോഫി സമ്മാനിച്ചത്നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇങ്ങനെ ട്രോഫി നൽകാനുള്ള സാഹചര്യം തില്ലങ്കേരി തന്നെയുണ്ടാക്കിയതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇക്കാര്യം തെളിയിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ്പ് ചാറ്റ് പാർട്ടി ഫോറങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്‍റ് കൂടിയായ സരീഷ്, ആകാശ് തില്ലങ്കേരിക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങൾ കമന്‍റായി ഇട്ടത്.

 

Comments (0)
Add Comment