തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പരീക്ഷ ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിക്കുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് അതിക്രമം. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കെ.എസ്.യു സംസ്ഥാന സെക്രട്ടറി ശില്‍പ്പയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനമാണെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് ക്യാമ്പിലെത്തിച്ച ശില്പ്പയ്ക്കുനേരെ കൈയേറ്റം ഉണ്ടായി. ശില്പയുടെ വയറ്റിലും കൈക്കും മര്‍ദ്ദനമേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 10.30നാണ് ശില്പയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ പുരുഷ പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നതും. ലാത്തി ഉപയോഗിച്ച് വയറില്‍ മര്‍ദ്ദിക്കുകയും ബൂട്ടുപയോഗിച്ച് ചവിട്ടുകയും ചെയ്തുവെന്ന് ശില്പ പറയുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല – ശില്പ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.