ഇരട്ടച്ചങ്കനെ വിറപ്പിച്ച് ശില്‍പ്പ! കനത്ത സുരക്ഷയെ അവഗണിച്ചും പ്രതിഷേധം അറിയിച്ച് കെ.എസ്.യു സംസ്ഥാന സെക്രട്ടറി

Jaihind Webdesk
Wednesday, July 17, 2019

തിരുവനന്തപുരം: ഇന്ന് ബുധനാഴ്ച്ച ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മന്ത്രിസഭായോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തന്റെ ഓഫീസിലേക്ക് മുഖ്യമന്ത്രി എത്തിയതോടെ സുരക്ഷാ സംവിധാനങ്ങള്‍ ജാഗരൂഗരായി. സെക്രട്ടേറിയറ്റിന് പുറത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന കെ.എസ്.യുവിന്റെ നിരാഹാരസമരത്തെക്കുറിച്ച് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.

അപ്പോഴാണ് സുരക്ഷാ സംവിധാനങ്ങളെയൊട്ടാകെ വിറപ്പിച്ച് ആ മുദ്രാവാക്യം ഉയര്‍ന്നു കേട്ടത്. കെ.എസ്.യു!! കെ.എസ്.യു!! സെക്രട്ടേറിയറ്റ് ഒരുനിമിഷം വിറച്ചു.. സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്താളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന പോലീസുകാര്‍ക്ക് മുന്നിലൂടെ അവള്‍ കെ.എസ്.യുവിന്റെ പാതകയും വഹിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പാഞ്ഞു. ആര്‍ക്കും കുറച്ചുനേരത്തേക്ക് തടയാനായില്ല അതായിരുന്നു കെ.എസ്.യു സംസ്ഥാന സെക്രട്ടറി ശില്‍പയുടെ സമരവീര്യം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ അക്രമപരമ്പരകളെക്കുറിച്ചും നേതാക്കളുടെ പരീക്ഷ ക്രമക്കേടുകളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ മൂന്നാം ദിവസം പിന്നിടുന്ന വേളയിലാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.ഐയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഈ നരനായാട്ടില്‍ നിരവധി കെ.എസ്.യു നേതാക്കളാണ് പരിക്കേറ്റ് ആശുപത്രിയിലായത്.

ഇതോടെയാണ് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. മൂന്നിലേറെ കെ.എസ്.യു പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന്റെ മതില്‍ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യങ്ങളുമായി കുതിച്ചത്. ഇതില്‍ പലരെയും പോലീസ് അറ്‌സ്റ്റ് ചെയ്ത് നീക്കിയെങ്കിലും സംസ്ഥാന സെക്രട്ടറി ശില്‍പ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ എത്തുകയായിരുന്നു. ഒരു പെണ്‍കുട്ടിയെ തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സകല സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെടുന്ന കാഴ്ച്ചയാണ് പിന്നീട് സെക്രട്ടേറിയറ്റ് സാക്ഷ്യം വഹിച്ചത്.
കെ.എസ്.യു പ്രവര്‍ത്തകരുടെ സമരവീര്യത്തിനെ പോലീസിന്റെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സി.പി.എമ്മിനെതിരെയും അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഉയരുന്ന ആക്ഷേപങ്ങളെയും പരാതികളെയും അടിച്ചൊതുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു.

teevandi enkile ennodu para