ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീ പിടിച്ചു : വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി, ആര്‍ക്കും പരിക്കുകള്‍ ഇല്ല ; ഒഴിവായത് വന്‍ ദുരന്തം | VIDEO

B.S. Shiju
Tuesday, September 3, 2019

ദുബായ് : യുഎഇയിലെ ഷാര്‍ജയില്‍ രണ്ടാം ക്‌ളാസ് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഭയാനകമായ രീതിയില്‍ തീപിടിച്ച സംഭവത്തില്‍, ആര്‍ക്കും പരുക്കുകള്‍ ഇല്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ ചൊവാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ഥികളെ ഉടന്‍ ബസില്‍ നിന്ന് രക്ഷിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. ഇതോടെ, ആളിക്കത്തിയ ബസിന് സമീപത്ത, താമസ വില്ലകളിലേക്ക് തീ പടരുന്നതും ഉടന്‍ തടയാന്‍ കഴിഞ്ഞു. തീപിടിത്തത്തെക്കുറിച്ച് രാവിലെ 6.30 നാണ് പോലീസ് ഓപ്പറേഷന്‍ റൂമിന്, ഫോണ്‍കോള്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആദ്യം വാഹനത്തിന് താഴെ നിന്ന് പുക വരുന്നതായി ബസ് ഡ്രൈവറാണ് കണ്ടെത്തിയത്. പിന്നീട് തീ ആളിപടരുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ നിയന്ത്രണവിധേയമാക്കിയതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

999 എന്ന നമ്പറില്‍ ഷാര്‍ജ പോലീസിനെയും ഷാര്‍ജ സിവില്‍ ഡിഫന്‍സിനെയും വിളിക്കുന്നതിന് മുമ്പേ, ബസ് ഡ്രൈവര്‍ വിദ്യാര്‍ത്ഥികളെ വേഗത്തില്‍, ബസില്‍ നിന്ന് മാറ്റി രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, തുടര്‍ന്ന് ,എല്ലാ വിദ്യാര്‍ത്ഥികളെയും സ്‌കൂളിലേക്ക് കൊണ്ടുപോയി. തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. തീ എങ്ങനെയാണ് ആരംഭിച്ചതെന്ന് ഉള്‍പ്പടെയുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ കേസ് , ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറിയെന്ന് അധികൃതര്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും വാഹനങ്ങളില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ കരുതണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.