എസ്.എഫ്.ഐയുടേത് ജനാധിപത്യവിരുദ്ധ ശൈലി : ഉമ്മന്‍ ചാണ്ടി | വീഡിയോ

Jaihind Webdesk
Saturday, May 11, 2019

Oommen-Chandy-KSU

എസ്.എഫ്.ഐ നേതൃത്വം ജനാധിപത്യ വിരുദ്ധ ശൈലിയാണ് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. എസ്.എഫ്.ഐ കാമ്പസുകളിൽ പ്രശ്നങ്ങളെ ആശയത്തിനപ്പുറം കായികമായി നേരിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്സിറ്റി കോളേജിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോളേജിനുള്ളിൽ എസ്.എഫ്.ഐ നടത്തുന്ന ഫാസിസ്റ്റ് നടപടികളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.യു ഏകദിന ഉപവാസം നടത്തുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തിലാണ് ഉപവാസം. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയിൽ നിന്ന് പരാതിയില്ലെന്ന് എഴുതി വാങ്ങിയതുകൊണ്ട് കാര്യങ്ങൾ അവസാനിക്കില്ലെന്നും തുറന്ന ആത്മ പരിശോധനയ്ക്ക് ഉത്തരവാദികൾ തയാറാവണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

താല്‍പര്യം ഇല്ലാത്തവരും എസ്.എഫ്.ഐയിൽ പ്രവർത്തിക്കണമെന്നതാണ് യൂണിവേഴ്സിറ്റി കോളേജിലെ SFl യുടെ സമീപനമെന്ന് കെ മുരളീധരൻ എം.എൽ.എ പറഞ്ഞു. സംഘപരിവാറും SFI യും ഒരേ തൂവൽപക്ഷികളാണ്. അസഹിഷ്ണുതയുടെ ദേശീയ മുഖം സംഘപരിവാറെങ്കിൽ കേരളത്തില്‍ അത് സി.പി.എമ്മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജിനെ അക്രമങ്ങളിലൂടെ എസ്.എഫ്.ഐ യുടെ കുത്തകയാക്കാൻ ശ്രമിക്കുന്നുവെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ പറഞ്ഞു.

വി.എസ് ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവരും ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തസാക്ഷി മണ്ഡപത്തിൽ എത്തി.

https://www.youtube.com/watch?v=Mhf2vHf-syU