പേരാമ്പ്രയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണം

Jaihind Webdesk
Monday, January 10, 2022

കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ ഓഫീസിന്‍റെ ചില്ലുകൾ പൂർണമായും തകർന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പോലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് കോഴിക്കോട് പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിട്ടത്. മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവർത്തകർ കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിയുകയും ചില്ലുകൾ പൂർണ്ണമായും തകർക്കുകയും ചെയ്തു. പ്രദേശത്തെ കോൺഗ്രസിന്‍റെയും ഐഎൻടിയുസിയുടെ യും കൊടികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. മുദ്രാവാക്യം വിളികളുമായി പ്രദേശത്ത് പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനാൽ പോലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

രണ്ടുവർഷം മുമ്പ് ഉദ്ഘാടനം നിർവഹിച്ച പേരാമ്പ്രയിലെ ഓഫീസ് കെട്ടിടത്തിന് നേരെ ഇത് രണ്ടാം തവണയാണ് അക്രമം ഉണ്ടാകുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.