കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ വീണ്ടും മീ ടൂ ആരോപണം

Jaihind Webdesk
Wednesday, October 10, 2018

മീ ടൂ ക്യാമ്പെയ്ന്‍റെ ഭാഗമായി കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. പ്രമുഖ കോളമിസ്റ്റായ ഗസ്ല വഹാബാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

പത്രപ്രവര്‍ത്തന ജോലിയിലെ തുടക്ക കാലത്തുണ്ടായ അനുഭവം ‘ദ വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ലേഖനത്തിലാണ് ഗസ്ല വഹാബ് പങ്കുവെച്ചിരിക്കുന്നത്. 1994ല്‍ ഏഷ്യന്‍ ഏജില്‍ ഇന്‍റേണി ആയ ആറുമാസത്തിനിടെയാണ് അക്ബറില്‍ നിന്ന് ദുരനുഭവം നേരിട്ടതെന്ന് അവര്‍ പറയുന്നു. രണ്ട് പതിറ്റാണ്ടോളം പിന്നിട്ട ശേഷം ഒരു തുറന്നു പറച്ചിലിന് സാധ്യതയുണ്ടെന്ന് കരുതാതിരുന്ന താന്‍ കൂട്ടുകാരുടെ നിര്‍ബന്ധത്തിലാണ് ഇതെഴുതുന്നതെന്നും ഗസ്ല വഹാബ് ലേഖനത്തില്‍ പറയുന്നു. MeToo ക്യാമ്പെയിന്‍റെ ഭാഗമായി മാധ്യമ പ്രവർത്തക പ്രിയ രമണി എം.ജെ അക്ബറിനെതിരെ ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. ദി വോഗ് എന്ന ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിലായിരുന്നു ആരോപണം .

1994 മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ആദ്യ പീഡന ശ്രമം എന്നും പ്രിയ രമണി പറഞ്ഞിരുന്നു. മീ ടൂ ക്യാമ്പെയ്ൻ രാജ്യത്തെ സ്ത്രീകൾ മുന്നോട്ട് വന്ന് കാര്യങ്ങൾ തുറന്നുപറയുന്നത് സ്വാഗതാർഹമെന്ന് കോൺഗ്രസ് പറഞ്ഞു. ബി.ജെ.പിക്ക് സ്ത്രീ വിരുദ്ധ മാനസികാവസ്ഥയാണ്. എം.ജെ അക്ബറിനെതിരായ ആരോപണം സുഷമ സ്വരാജിന്‍റെ മൗനം നാണക്കേടാണെന്നും കോൺഗ്രസ് ആരോപിച്ചു.

അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. എം.ജെ അക്ബർ നൈജീരിയയിലാണെന്നാണ് ലഭിക്കുന്ന വിവരം.