കിഫ്ബിയിലെ സമഗ്രമായ ഓഡിറ്റിങ് നിക്ഷേപകർക്ക് തെറ്റായ സന്ദേശങ്ങൾ നൽകുമെന്ന സർക്കാരിന്‍റെ വാദം തള്ളി സിഎജി

Jaihind News Bureau
Friday, September 20, 2019

കിഫ്ബിയിലെ സമഗ്രമായ ഓഡിറ്റിങ് നിക്ഷേപകർക്ക് തെറ്റായ സന്ദേശങ്ങൾ നൽകുമെന്ന സർക്കാരിന്‍റെ വാദം തള്ളി സിഎജി. ഓഡിറ്റിങ് കമ്പനിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും സിഎജി. പൂർണ ഓഡിറ്റിന് തയ്യാറാകാത്ത സർക്കാരിന് സിഎജി യുടെ നിലപാട് തിരിച്ചടിയാവുകയാണ്.

ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ഓഡിറ്റ് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്ന കാര്യം വെളിപ്പെടുത്തിയത്. അഴിമതിയും സ്വജനപക്ഷപാതവും കണ്ടെത്തും എന്ന് ഭയന്നാണ് കിഫ്ബിയിൽ ഓഡിറ്റ് നടത്താൻ സർക്കാർ ഭയക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഓഡിറ്റ് നടത്താത്തതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. 9.7 ശതമാനം പലിശയ്ക്ക് പണം വാങ്ങി 7 ശതമാനത്തിന് മറിച്ച് നൽകി സർക്കാർ വൻനഷ്ടമുണ്ടാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.

കിഫ്ബിയിൽ സർക്കാരിന് മറച്ചുവെയ്ക്കാൻ ഒന്നുമില്ലെങ്കിൽ എന്തുകൊണ്ട് സമ്പൂർണ്ണ ഓഡിറ്റിന് വിസമ്മതിക്കുന്നു എന്നാണ് ബിജെപി നേതൃത്വത്തിന്‍റെ ചോദ്യം. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് കിഫ്ബിയെ തകർക്കാനുള്ള നീക്കമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം. അപ്പോഴും എന്ത്‌കൊണ്ട് കിഫ്ബിക്ക് ഓഡിറ്റ് വേണ്ടെന്ന് വെച്ചു എന്നതിന് മുഖ്യമന്ത്രി വിശദീകരണം നൽകുന്നില്ല. തന്‍റെ സർക്കാർ അഴിമതി രഹിത സർക്കാർ ആണെന്ന് സർക്കാർ വാദിക്കുമ്പോഴാണ് സർക്കാരിന് തിരിച്ചടിയായി സിഎജി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

https://youtu.be/DhypR2Zl4YA