വാളയാറില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച ; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ട് സഭയില്‍

Jaihind News Bureau
Wednesday, January 13, 2021

തിരുവനന്തപുരം : വാളയാർ പീഡനക്കേസിലെ പി.കെ ഹനീഫ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോർട്ടില്‍ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വിമർശനം. വാളയാർ പൊലീസ് സ്‌റ്റേഷനിലെ മുൻ എസ്.ഐ പി.സി ചാക്കോയുടെ ഭാഗത്ത് ഗുരുതര വീഴ്‌ചയുണ്ടായതായും റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

മുൻ എസ്.ഐ പി.സി ചാക്കോയുടെ ഭാഗത്തുനിന്ന് ഉണ്ടായത് മാപ്പർഹിക്കാത്ത അന്യായം. പിന്നീട് കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയുണ്ട്. തെളിവുകൾ നഷ്ടപ്പെടുത്താൻ പൊലീസ് അവസരം ഒരുക്കിയതായും പ്രതികളെ രക്ഷിക്കാൻ വേണ്ടി പ്രധാന വകുപ്പുകൾ ഒഴിവാക്കിയതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ കുട്ടി മരിച്ച ശേഷം രണ്ടാമത്തെ കുട്ടി വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് പോലീസിന് അറിയാമായിരുന്നു. രണ്ടാമത്തെ കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമായി. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

പ്രോസിക്യൂഷന് എതിരെയും ജുഡീഷ്യൽ കമ്മീഷന്‍റെ ഗുരുതര കണ്ടെത്തലുണ്ടായി. കേസ് തെളിയിക്കാനാവശ്യമായ ഇടപെടലുകൾ പ്രോസിക്യൂഷൻ അഭിഭാഷകയായ ജലജാ മാധവൻ  നടത്തിയില്ല. അന്വേഷണ സംഘത്തിലെ പൊലീസ് ഓഫീസറെ വിസ്തരിച്ചില്ല. കോടതിയിൽ എത്തിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പോന്നതല്ലെന്ന് പ്രോസിക്യൂഷന് അറിവുണ്ടായിരുന്നു. വീഴ്ച വരുത്തിയ പ്രോസിക്യൂട്ടർമാർക്ക് ഇനി നിയമനം നല്‍കരുതെന്ന് റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി വിചാരണ വേളയിൽ കോടതിയിൽ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷന്‍റെ വീഴ്ച ചൂണ്ടിക്കാട്ടിക്കൊണ്ട് റിപ്പോർട്ടില്‍  പറയുന്നു.