ബിഹാറിൽ വീടുകൾക്ക് തീവെച്ച സംഭവം: ‘വലിയ അക്രമം നടന്നിട്ടും സർക്കാർ ഉറക്കത്തിൽ’; രൂക്ഷമായി വിമർശിച്ച് രാഹുല്‍ ഗാന്ധി’

Jaihind Webdesk
Thursday, September 19, 2024

 

ഭോപ്പാൽ: ബിഹാറിലെ ദളിത് കുടുംബങ്ങളുടെ വീടിന് തീവെച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇത്ര വലിയ അക്രമം നടന്നിട്ടും ബിഹാർ സർക്കാർ ഉറക്കമാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ദളിത് വിഭാഗങ്ങളെ അടിച്ചമർത്താൻ ബിജെപിയും എൻഡിഎയും ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. അക്രമകാരികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു.

ബിഹാറിൽ മഹാ ദളിത് വിഭാഗത്തിൽ പെട്ട കുടുംബങ്ങളുടെ നൂറോളം വീടുകൾക്കാണ് ഗുണ്ടകൾ തീവെച്ചത്. നവാഡ ജില്ലയിലെ കൃഷ്ണനഗർ തോലയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീടുകൾക്ക് നേരെ വെടിയുതിർത്ത ഗുണ്ടകൾ പിന്നീട് തീ വെക്കുകയായിരുന്നു.