‘രാഹുൽ ​ഗാന്ധിക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും ബിജെപി സമ്മർദം ചെലുത്തി’; വെളിപ്പെടുത്തി അംബേദ്കറുടെ ചെറുമകൻ

Jaihind Webdesk
Friday, September 20, 2024

 

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംവരണത്തെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും ബിജെപി സമീപിച്ചിരുന്നതായി ബി.ആര്‍. അംബേദ്കറിന്‍റെ ചെറുമകന്‍ രാജ് രത്‌ന അംബേദ്കറുടെ വെളിപ്പെടുത്തല്‍. രാഹുൽ ​ഗാന്ധി യുഎസിൽ സംവരണത്തെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് പ്രതിഷേധിക്കാൻ ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ തന്നെ സമീപിച്ചതെന്ന് രാജ് രത്ന അംബേദ്കർ വ്യക്തമാക്കി.

എന്നാല്‍ രാഹുലിനെതിരെ പ്രതിഷേധത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും സമൂഹത്തിന്‍റെ പണത്തിലാണ് തന്‍റെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ് രത്‌ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.

 

രാജ്‌രത്‌നയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നതിന്‍റെ പൂര്‍ണ്ണരൂപം:

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കാനും ധർണ നടത്താനും രാജ്യത്തെ ഏറ്റവും വലിയ പാർട്ടി എന്നെ സമീപിച്ചു. അവരെന്നെ രണ്ടു ദിവസം സമ്മർദത്തിലാക്കി. പക്ഷേ ഞാൻ ഒരു പ്രതിഷേധവും നടത്തിയിട്ടില്ല. ഞാൻ അത് ചെയ്യാനും പോകുന്നില്ല. ഞാൻ എന്‍റെ പ്രസ്ഥാനം നടത്തുന്നത് സമൂഹത്തിന്‍റെ പണം കൊണ്ടാണ്. അതിനാൽ സമൂഹത്തിന് മാത്രമേ എന്നോട് എന്തെങ്കിലും ചെയ്യാൻ കൽപ്പിക്കാനാവൂ. അല്ലാതെ, എന്നോട് ആജ്ഞാപിക്കാൻ ബിജെപിക്ക് കഴിയില്ല. അവരുടെ ഉത്തരവ് പ്രകാരം ഞാൻ ഒരു പ്രതിഷേധവും നടത്തില്ല.”