ഭര്‍ത്താവിന് സംശയരോഗം: മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു, ഓട്ടോറിക്ഷയിൽ വന്ന് സ്റ്റേഷനില്‍ കീഴടങ്ങി

Jaihind Webdesk
Thursday, September 19, 2024

 

കൊല്ലം : കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്.  കൊലപാതകത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിക്കുകയും പിന്നീട് ഓട്ടോറിക്ഷയിൽ കയറി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തിൽ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ഇയാൾ സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇരുവരും തയ്യൽ തൊഴിലാളികളാണ്.