പത്തനംതിട്ട സിപിഎമ്മില്‍ കടുത്ത വിഭാഗീയത; പാർട്ടിയില്‍ കുലംകുത്തികളുണ്ടെന്ന് ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഎമ്മില്‍ വിഭാഗീയത ശക്തമാകുന്നു. പാർട്ടിയിൽ കുലംകുത്തികളുണ്ടെന്ന് ജില്ലാ സെക്രട്ടറി കെപി ഉയദഭാനു തുറന്നടിച്ചു. കുലംകുത്തികള്‍ അടുത്ത സമ്മേളനം കാണില്ലെന്നും ഇവരെ തിരുത്താന്‍ പാര്‍ട്ടിക്ക് അറിയാമെന്നും ഉദയഭാനു പറഞ്ഞു. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം.

മന്ത്രി വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യ 2016 ല്‍ തുടങ്ങിയതാണ്. 2016ലും 2021ലും തോല്‍പിക്കാന്‍ ശ്രമിച്ചവര്‍ പാര്‍ലമെന്‍ററി മോഹം ഉള്ളവരാണ്.വീണാ ജോർജിനെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നതായി ചര്‍ച്ചയില്‍ ഉയർന്നുവന്നിരുന്നു. അതോടൊപ്പം വീണാ ജോർജിനെതിരെയും സമ്മേളന പ്രതിനിധികള്‍ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയിരുന്നു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു എന്നതാണ് ആദ്യം ഉയർന്നുവന്ന വിമർശനം. വിശ്വാസികള്‍ക്ക്  എതിരല്ലെന്ന മറുപടിയോടെയാണ് ഉദയഭാനു ഇതിന് പ്രതിരോധം തീർത്തത്. പാർട്ടി പ്രവർത്തകരുടെ ഫോണ്‍ പോലും മന്ത്രി എടുക്കാറില്ലെന്നും ഇത് അണികളെ അകറ്റാന്‍ കാരണമായെന്നും വിമർശനമുയർന്നു.

വീണാ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി,  പരാജയപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നു, വ്യക്തിഹത്യ ചെയ്തു എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ജില്ലാ സെക്രട്ടറിയുടെ കുലംകുത്തി പരാമര്‍ശം. ജനപ്രതിനിധിയായ ശേഷം പാര്‍ട്ടി അംഗമായ ആളാണ് വീണാ ജോര്‍ജ്. അതിനാല്‍ പാര്‍ട്ടിയുടെ ചട്ടക്കൂട്ടിലേക്ക് അവര്‍ എത്താന്‍ സമയം എടുക്കും എന്നായിരുന്നു മുന്‍ ഏരിയാ സെക്രട്ടറി എം സജികുമാറിന്‍റെ മറുപടി.

Comments (0)
Add Comment