രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി; വിധിയെഴുതുന്നത് 95 മണ്ഡലങ്ങള്‍

Jaihind Webdesk
Thursday, April 18, 2019

പതിനേഴാം ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. 11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലും പുതുച്ചേരിയുമാണ് ഇന്ന് വിധിയെഴുതുന്നത്. ഇതോടൊപ്പം ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജിതേന്ദ്ര സിംഗ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ സുശീൽകുമാർ ഷിൻഡെ, അശോക് ചവാൻ, മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. തമിഴ്നാട്ടില് ഒറ്റഘട്ടമായാണ് നേരത്തെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെല്ലൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ ഇന്ന് തമിഴ്‌നാട്ടിലെ 38 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുന്നത്. കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, കശ്മീര്‍, മണിപ്പൂർ, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കും.

രണ്ടാം ഘട്ടത്തിൽ 97 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്രമസമാധാന പ്രശ്‌നങ്ങളുള്ള ത്രിപുര ഈസ്റ്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് മാറ്റുകയായിരുന്നു. കണക്കിൽപ്പെടാത്ത പണം പിടികൂടിയതിനെത്തുടർന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലും തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.