ശബരിമലയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണം : സുപ്രീം കോടതി

Jaihind Webdesk
Friday, November 2, 2018

ശബരിമലയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി. നിർമ്മാണങ്ങൾ പ്രഥമദൃഷ്ടിയാൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി മാസ്റ്റർപ്ലാൻ കർശനമായി പാലിക്കണമെന്നും പറഞ്ഞു. തീർഥാടനകാലത്ത് കെട്ടിടങ്ങൾ പൊളിക്കുന്നത് അപ്രായോഗികമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ശബരിമലയിൽ പ്രളയത്തിൽ തകർന്ന കെട്ടിടങ്ങൾ മാസ്റ്റർ പ്ലാൻ പ്രകാരം അറ്റകുറ്റപ്പണികൾ നടത്താൻ കോടതി അനുമതി നൽകി. സംസ്ഥാന സർക്കാർ അംഗീകരിച്ച കെട്ടിടങ്ങൾ മാത്രമായിരിക്കും നിർമ്മാണവും അറ്റകുറ്റപ്പണിയും നടത്തുക. മാസ്റ്റർപ്ലാൻ പ്രകാരമുള്ള കെട്ടിടങ്ങൾ കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. നിർമാണങ്ങൾക്ക് സമ്പൂർണ്ണ വിലക്കുണ്ടാകില്ല.

ശബരിമലയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റണമെന്നും സുപ്രീം കോടതി പരാമർശം നടത്തി. പൊളിച്ചു മാറ്റുമെന്ന ഉറപ്പ് സർക്കാർ നൽകിയില്ലെങ്കിൽ പിന്നീട് ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു പൊളിച്ചു മാറ്റാതിരിക്കും. അറ്റകുറ്റ പണി നടത്താൻ അഞ്ചു കോടി ചിലവഴിച്ചുവെന്ന പേരിൽ അനധികൃത നിർമ്മാണം സംരക്ഷിക്കാൻ ആകില്ലയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പ്രളയത്തിൽ തകർന്ന അനധികൃത നിർമ്മാണങ്ങൾ പുനര്‍ നിര്‍മിച്ചാലും നിയമവിരുദ്ധമെന്ന് കണ്ടെത്തിയാൽ അത് പൊളിച്ചു മാറ്റുമെന്ന് ഉറപ്പ് നൽകണമെന്നു കോടതി പറഞ്ഞു.

ഇപ്പോൾ നിർമ്മാണങ്ങൾ പൊളിക്കരുതെന്നും മറുപടി നൽകാൻ നാലാഴ്ച സമയം വേണമെന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ മണ്ഡലകാലം പ്രതിസന്ധിയിൽ ആകുമെന്നും സർക്കാർ പറഞ്ഞു. തുടർന്ന് പൂർണ്ണ വിലക്ക് ഏർപ്പെടുത്താൻ കോടതി വിസമ്മതിക്കുകയായിരുന്നു.[yop_poll id=2]