വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമില്‍ കുറ്റമാക്കുന്ന ഐ.പി.സി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി. സ്ത്രീകളുടെ അന്തസിനും തുല്യതയ്ക്കും എതിരാണ് ഈ നിയമമെന്ന് നിരീക്ഷിച്ച കോടതി വകുപ്പ് 497 റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടു.

ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതാണ് ഈ നിയമമെന്ന് ജീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള ബഞ്ചിലെ നാലു ജഡ്ജിമാരും വ്യക്തമാക്കി. ഭര്‍ത്താവല്ല സ്ത്രീയുടെ അധികാരിയെന്നും സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. വിവാഹേതര ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണമായി തുടരാം. എന്നാല്‍ ക്രിമിനല്‍ കുറ്റം അല്ലെന്ന് ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.

വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന  497ാം വകുപ്പ് നിലനില്‍ക്കുമോയെന്ന കാര്യമാണ് കോടതിയുടെ പരിഗണനയ്ക്കെത്തിയത്. 497ാം വകുപ്പിന്റെ പരിധിയില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വകുപ്പ് തന്നെ മാറ്റാന്‍ സമയമായി എന്നാണ് കോടതി നിരീക്ഷിച്ചത്. സമൂഹം പറയുംപോലെ  ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഏകകണ്ഠേനയാണ് 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്.

supreme courtextra marital affair
Comments (0)
Add Comment