മരടിലെ അനധികൃത ഫ്ളാറ്റ് പൊളിക്കുന്നതിനെതിരായ പുതിയ ഹർജികൾ സുപ്രീംകോടതി പരിഗണിച്ചേക്കില്ലെന്നാണ് സൂചന. സമാനമായ റിട്ട് ഹർജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ ഹർജികൾ പരിഗണിക്കില്ലെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഫ്ലാറ്റ് പൊളിക്കാൻ നഗരസഭ താൽപര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണു തീരുമാനം.
ഇതിനായി വിദഗ്ധരുടെ പാനൽ തയാറാക്കും. ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നഗരസഭ ഇന്ന് നോട്ടീസ് നൽകും.
അതേസമയം, വിവാദ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ചേർന്ന മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം അവസാനിച്ചു.
കൗൺസിൽ ചർച്ചയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ സർക്കാറിനെ ബോധിപ്പിച്ചു കൊണ്ട് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ചെയർപേഴ്സൻ ടി എച്ച് നദീറ പറഞ്ഞു.
അതേ സമയം ഫ്ലാറ്റ് ഉടമകൾക്ക് അനുകൂലമായുള്ള അംഗങ്ങളുടെ വികാരം സർക്കാരിനെ അറിയിക്കും. സർക്കാരുമായി കൂടിയാലോചിച്ച് റിവിഷൻ ഹർജി നൽകാനുളള സാധ്യത ചർച്ച ചെയ്യുമെന്നും നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി.