അയോധ്യ ഭൂമി തർക്ക കേസിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയുടെ ഇടക്കാല റിപ്പോർട്ട് വ്യാഴാഴ്ചയ്ക്കകം സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം. മധ്യസ്ഥ ചർച്ചകളുടെ പുരോഗതിയും കോടതിയെ അറിയിക്കാൻ നിർദ്ദേശം. മധ്യസ്ഥ ചർച്ച ഫലപ്രദം അല്ലെന്ന് സമിതി വ്യക്തമാക്കിയാൽ ജൂലൈ 25 മുതൽ ഭരണഘടന ബെഞ്ച് അപ്പീലുകളിൽ വാദം കേൾക്കൽ ആരംഭിക്കും.
മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നൽകുന്ന ജസ്റ്റിസ് ഖലീഫുള്ളയ്ക്ക് ആണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ആധ്യക്ഷനായ ഭരണഘടന ബെഞ്ച് നിർദേശം നൽകിയത്. വ്യാഴാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമോ എന്ന കാര്യം വ്യക്തമാക്കാനും കോടതി മധ്യസ്ഥ സമിതിയോട് നിർദേശിച്ചു. മധ്യസ്ഥചർച്ചകൾ കൊണ്ടു പ്രയോജനം ഉണ്ടാവില്ല എന്ന നിലപാടാണ് ഇന്ന് ഹൈന്ദവ സംഘടനകൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പരാശരൻ മുന്നോട്ട് വച്ചത്. എന്നാൽ ഇതിനെ മുസ്ലിം സംഘടനകൾ എതിർത്തു. തുടർന്നാണ് കോടതി ഇടക്കാല റിപ്പോർട്ട് തേടിയത്.