ആമസോൺ കാടുകളിലെ തീ രണ്ടാഴ്ചയിലേറെയായി തുടരുന്നു. ഭൂമിയുടെ ശ്വാസകോശമെന്നാണ് ആമസോൺ കാടുകൾ അറിയപ്പെടുന്നത്. കാട്ടു തീ പ്രതിരോധിക്കാൻ ഫലപ്രദമായി സാധിക്കുന്നില്ല. ആമസോൺ കാടുകളുടെ 60% വും ബ്രസീലിലാണ്. ബാക്കിയുള്ള 40 % ബൊളീവിയ, കൊളംബിയ ഇക്വഡോർ, ഗയാന, പെറു തുടങ്ങിയ രാജ്യങ്ങളിലാണ്.
ലോകത്തെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ. ലോകത്തെ ഓക്സിജന്‍റെ 20 ശതമാനവും ഉദ്പാദിപ്പിക്കപ്പെടുന്നത് ആമസോൺ വനത്തിലാണ്. ആമസോൺ അഗ്നിബാധയിൽ ലോകത്തെ പരിസ്ഥിതി സ്നേഹികളും പ്രസ്ഥാനങ്ങളും ആശങ്കാകുലരാണ്. മഴക്കാടുകൾ കത്തി നശിക്കുന്നതിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളും ഏറെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജി 7 ലെ വിമർശനത്തെ തുടർന്നാണ് അഗ്നിശമന സേനയെ അയക്കാൻ ബ്രസീൽ പ്രസിഡന്‍റ് ബോൽ സൊനാരോ തയാറായത്. പതിനായിരം സ്പീഷീസ് വൃക്ഷങ്ങളാണ് ആമസോൺ കാടുകളിലുള്ളത്.
ലോകത്ത് ഇതുപോലെ പരിസ്ഥിതിക്ക് വലിയ ആഘാതങ്ങൾ ഏൽക്കുന്ന ഘട്ടത്തിൽ ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പരിസ്ഥിതി രാഷ്ട്രീയ ചിന്ത അനിവാര്യമാണ്. ആമസോൺ കാടുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു കെ.എസ്.യു ആഗസ്ത് 26 മുതൽ സെപ്റ്റംബർ 26 വരെ സംസ്ഥാനവ്യാപകമായി വൃക്ഷത്തൈകൾ നടാൻ തീരുമാനിച്ചു. ‘പകരമാവില്ലെങ്കിലും നല്ല നാളേക്കായി നടാം ഒരു മരം’ എന്നതാണ് ക്യാംപെയ്നിന്‍റെ മുദ്രാവാക്യം.