‘ഇന്ധനവില 100 കടക്കുന്നതിന്‍റെ വിജയാഹ്ളാദമാണോ സുരേന്ദ്രന്‍റെ യാത്ര ? വാളയാറിലെ അമ്മ നീതിക്കായി കേരളമാകെ അലയുന്നുണ്ട്’ : രൂക്ഷവിമർശനവുമായി സത്യദീപം

 

കൊച്ചി : ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭയുടെ മുഖപത്രമായ സത്യദീപം. ‘ഇറങ്ങാത്ത ഇടയലേഖനം’ എന്ന മുഖപ്രസംഗത്തിലാണ് സഭ ബി.ജെ.പിക്കെതിരെ ചോദ്യങ്ങളുയർത്തുന്നത്. അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന-ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തു കൊണ്ടാണെന്നും, നിരപരാധിയായ ഫാദര്‍ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണമെന്ന് മുഖപ്രസംഗം പറയുന്നു. ഒപ്പം വിവാദ കാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തുകൊണ്ടാണെന്ന് സഭകള്‍ ചോദിക്കണമെന്നും സത്യദീപം ആവശ്യപ്പെട്ടു.

‘അരമന കയറി ഇറങ്ങുന്ന ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തോട് കണ്ഡമാലിലെ ക്രൈസ്തവര്‍ക്ക് നീതി വൈകുന്നതെന്തുകൊണ്ടാണെന്നും, നിരപരാധിയായ സ്റ്റാന്‍സ്വാമി ഇപ്പോഴും ജയിലില്‍ തുടരുന്നതെന്തുകൊണ്ടാണെന്നും ഉറക്കെ ചോദിക്കണം. ഒപ്പം വിവാദകാര്‍ഷിക കരിനിയമങ്ങള്‍ റദ്ദാക്കാത്തതെന്തേയെന്നും’ – മുഖപ്രസംഗം പറയുന്നു. ഇന്ധനവില 100 കടക്കുന്നതിന്‍റെ ‘വിജയാ’ഹ്ളാദമാണോ ബിജെപി സംസ്ഥാനാധ്യക്ഷന്‍റെ യാത്രകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു.

ഇടതുമുന്നണിക്കെതിരെയും മുഖപ്രസംഗം വിമർശനം ഉന്നയിക്കുന്നു. പ്രളയം തകര്‍ത്ത കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം എവിടെ വരെയെന്ന ചോദ്യത്തെ ഭക്ഷ്യകിറ്റ് നല്കി പിന്തിരിപ്പിക്കുന്നതിലൂടെ തുടര്‍ഭരണം ‘ഉറപ്പെന്ന’ മട്ടിലാണ് ഇടതു മുന്നണി. അപ്പോഴും, നീതിയുടെ ഉറപ്പൊന്നും കിട്ടാതെ തലമുണ്ഡനം ചെയ്ത് കേരളമാകെ അലയുന്നുണ്ട് വാളയാറില്‍ നിന്നും ഒരമ്മ!

പ്രശംസയുടെ പ്രാതല്‍ രാഷ്ട്രീയമല്ല, പ്രതിബദ്ധതയുടെ പ്രതികരണ രാഷ്ട്രീയത്തിലൂടെ സംശുദ്ധമായ സാമൂഹ്യ സാഹചര്യം കേരളത്തിലുണ്ടെന്ന് ഉറപ്പാക്കാന്‍ ശക്തമായ നിലപാടുകളോടെ സഭ സജീവമാകണം. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ദൈവത്തിന്‍റെ സ്വന്തം നാട്ടിേലക്ക് കൂടുതലായി തിരികെയെത്താന്‍ നമുക്കിടയാകേണ്ടതുണ്ടെന്നും സത്യദീപം പറയുന്നു.

Comments (0)
Add Comment