അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടി. അതെസമയം സീനിയര്‍ താരം കെ.എല്‍. രാഹുലിനെ ടീമില്‍നിന്ന് ഒഴിവാക്കി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുമുണ്ട്.
ഐപിഎല്ലില്‍ സഞ്ജു കാഴ്ച വെച്ച മിന്നുന്ന പ്രകടനമാണ് ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സഞ്ജു സാംസണ്‍. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി. ചാഹലിനെ കൂടാതെ കുല്‍ദീപ് യാദവും സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി. അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ ഓള്‍റൌണ്ടര്‍മാരായും ടീമിലുണ്ട്.
ആരാണ് പ്രധാന വിക്കറ്റ് കീപ്പറെന്നുള്ളത് സെലക്റ്റര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ, സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. കോലി മൂന്നാം നമ്പറിലെത്തും. തൊട്ടുപിന്നാലെ സൂര്യകുമാര്‍ യാദവും. പിന്നീട് സഞ്ജു അല്ലെങ്കില്‍ പന്ത് ക്രീസിലെത്തും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.