ശബരിമലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, October 9, 2018

ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബി.ജെ.പിയും സംഘപരിവാറും വിഷയത്തെ സാമുദായികവല്‍ക്കരിക്കുകയാണെന്നും ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബി.ജെ.പി നേതൃത്വം ശബരിമല വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണ്. എന്തുകൊണ്ട് ബി.ജെ.പി കേന്ദ്രത്തോട് നിയമനിർമ്മാണം നടത്താൻ ആവശ്യപ്പെടുന്നില്ല. സ്ഫോടനാത്മകമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തരധനസഹായമായ 10,000 രൂപ നൽകുന്നതിൽ പോലും ഇടതുസർക്കാർ പരാജയപ്പെട്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സഹായങ്ങൾ ലഭ്യമാക്കണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംശയത്തിന്‍റെ നിഴലിലാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയുടെ വിവരം സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കെ.പി.സി.സി 1000 വീട് നിർമിച്ച് നൽകുന്നതിന്‍റെ ഭാഗമായി മൂന്ന് അംഗ സമിതിക്ക് രൂപം നല്‍കി. എം.എം ഹസൻ, കെ സുധാകരൻ, കെ.വി തോമസ് എന്നിവരുള്‍പ്പെട്ടതാണ് സമിതി.

ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. എല്ലാ കമ്മറ്റികളും മഹിളകളുടെയും യുവാക്കളുടെയും പ്രാധിനിത്യം ഉറപ്പാക്കി പുനഃസംഘടിപ്പിക്കും. ഗാന്ധിജിയുടെ 150-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര സംഘടിപ്പിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.