ജനുവരി ഒന്നിന് വനിതാമതിലിന് ബദലായി തലസ്ഥാനത്ത് വഞ്ചനാ മതിൽ തീർക്കാനൊരുങ്ങി പൊലീസുദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനലിന്‍റെ കുടുംബം. സർക്കാർ നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കുടുംബവും ആക്ഷന്‍ കൗണ്‍സിലും സമരം ശക്തമാക്കുന്നത്.
പൊലീസുദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനലിന്‍റെ കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചതിനെതിരെയാണ് വഞ്ചനാമതില്‍ തീര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് തലസ്ഥാനത്ത് വഞ്ചനാ മതില്‍ സംഘടിപ്പിക്കും. സെക്രട്ടേറിയേറ്റിന് മുന്നില്‍ സനലിന്‍റെ ഭാര്യ വിജിയും മറ്റ് കുടുംബാംഗങ്ങളും വഞ്ചനാ മതിലിന്‍റെ ഭാഗമാകും. വിജിക്ക് ജോലിയും കുടുംബത്തിന് സാമ്പത്തികസഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി ഇവര്‍ സമരരംഗത്താണെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. 25 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉള്ള കുടുംബം എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയാത്ത അവസ്ഥയിലാണ്.
സനലിന്‍റെ വീട് സന്ദര്‍ശിച്ച മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബവും ആക്ഷന്‍ കൗണ്‍സിലും സമരം ശക്തമാക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരസ്ഥലം നാളെ സന്ദര്‍ശിക്കും. തുടര്‍ന്ന് സമരപ്പന്തലിന് മുന്‍പില്‍ കുടുംബസഹായത്തിനായി അക്ഷയപാത്രം സ്ഥാപിക്കും. സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കടക്കം ഈ കുടുംബത്തെ സഹായിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. ഓരോ ദിവസവും ലഭിക്കുന്ന തുക അതാതു ദിവസം തന്നെ വിജിയുടെ അക്കൗണ്ടിലേക്ക് മാറ്റും.
അതേ സമയം വനിതാ മതിലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ സർക്കാർ സമ്മർദത്തിലായിരുന്നു. വഞ്ചനാ മതിൽ തീർക്കുന്നതിലൂടെ ശക്തമായ വെല്ലുവിളി തന്നെയാണ് സർക്കാരിന് നേരിടേണ്ടി വന്നിരിക്കുന്നത്.