മന്ത്രിസഭയിലേക്ക് മടങ്ങിയെത്താന്‍ സജി ചെറിയാന്‍; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ സജി ചെറിയാന്‍റെ മന്ത്രിസഭയിലേക്കുളള തിരിച്ചുവരവ് യോഗത്തിൽ ചർച്ചയായേക്കും. കേസുകളിൽ നിന്ന് മുക്തനായ സജി ചെറിയാന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് തടസങ്ങളൊന്നുമില്ല. സജിയെ മന്ത്രി സ്ഥാനത്തേക്ക് മടക്കികൊണ്ടുവരുന്നതിൽ വൈകാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തൃശൂരിൽ കിസാൻസഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതുകൊണ്ടാണ് വെളളിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗം ഇന്നത്തേക്ക് മാറ്റിയത്.

ഭരണഘടനാ വിരുദ്ധ പ്രസംഗമാണ് സജി ചെറിയാന്‍റെ മന്ത്രി പദം തെറിപ്പിച്ചത്. ഈ കേസ് അവസാനിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങിയതോടെയാണ് സജി ചെറിയാന്‍റെ മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് വീണ്ടും വഴിതുറക്കുന്നത്. സജി ചെറിയാനെതിരെ തെളിവില്ലെന്ന് വിലയിരുത്തിയാണ് കേസ് അവസാനിപ്പിക്കുന്നത്.

ഭരണഘടനയെ വിമർശിച്ച് കുരുക്കിലായ സജി ചെറിയാൻ രാജിവച്ചപ്പോൾ പകരം മന്ത്രിയെ സിപിഎം തീരുമാനിച്ചിരുന്നില്ല. അതിനുശേഷം എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായപ്പോൾ എം.ബി രാജേഷ് മന്ത്രിസഭയിലെത്തി. അപ്പോഴും സജി ചെറിയാന്‍റെ കസേര ഒഴിച്ചിട്ടു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാൻ കേസിൽ കുറ്റവിമുക്തനായി തിരിച്ചുവരുമ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്താനായിരുന്നു ഈ നീക്കം.

Comments (0)
Add Comment