ശബരിമല സംഘർഷഭൂമിയാക്കാൻ സംഘപരിവാർ, മാധ്യമങ്ങളെ ഒഴിവാക്കി ‘പൊലീസ് മലയാക്കി’ സർക്കാർ

B.S. Shiju
Sunday, November 4, 2018

ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കാനിരിക്കേ ശബരിമല വീണ്ടും സംഘർഷത്തിലേക്ക്. യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ സംഘപരിവാർ സംഘടനകളും ശബരിമല കേന്ദ്രീകരിച്ച് സംഘർഷത്തിനുള്ള കോപ്പ് കൂട്ടുകയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ശബരിമല പൂങ്കാവനപ്രദേശത്ത് സർക്കാർ ഏർപ്പെടുത്തിയ മാധ്യമവിലക്കും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. മാധ്യമങ്ങളെ അവിടെ നിന്നും ഒഴിവാക്കിയ സർക്കാർ വലിയ പൊലീസ് സന്നാഹമാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. പൊലീസിന് പുറമേ താൽക്കാലിക ജീവനക്കാരുടെ ഒഴിവുകളിൽ സി.പി.എം പ്രവർത്തകരെയും സന്നിധാനത്തെത്തിച്ചിട്ടുണ്ടെന്ന ആരോപണവും നിലനിൽക്കുന്നു. ശബരിമലയിൽ വീണ്ടും സംഘർഷ സാധ്യത സൃഷ്ടിച്ച് സി.പി.എം – ബി.ജെ.പി – സംഘപരിവാർ സംഘടനകൾ രംഗത്തിറങ്ങിയതോടെ സമാധാനപരമായ ദർശനം നടക്കുമോയെന്ന കാര്യത്തിൽ വിശ്വാസികൾക്കും ആശങ്കയുണ്ട്.

ശബരിമലയിൽ ‘കണ്ണൂർമോഡൽ’ പരീക്ഷിക്കാൻ സി.പി.എമ്മും സംഘപരിവാറും

ശബരിമല യുവതീപ്രവേശന നിലപാടിൽ നിന്നും വ്യത്യാസമില്ലാതെ സർക്കാരും സി.പി.എമ്മും നിലയുറപ്പിക്കുമ്പോൾ മറുവശത്ത്
മനഃപൂർവം സംഘർഷസാധ്യത സൃഷ്ടിച്ച് വിശ്വാസികൾക്കും മറ്റുള്ളവർക്കുമിടയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ബി.ജെ.പി- ആർ.എസ്.എസ്- സംഘപരിവാർ സംഘടനകളുടെ നീക്കം. ശബരിമല പൂങ്കാവനത്തിൽ സ്ത്രീ പ്രവേശനം ഉണ്ടായാൽ തടയാൻ സ്ത്രീകളെ തന്നെ അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് മുന്നൊരുക്കം നടത്തുന്ന സംഘപരിവാർ, വിശ്വാസികളുടെ ഇടയിൽ നുഴഞ്ഞുകയറി അക്രമത്തിന് ശ്രമിക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. യുവതീപ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത ആർ.എസ്.എസും ബി.ജെ.പിയും വിശ്വാസികളുടെ തുടർ പ്രതിഷേധം കണക്കിലെടുത്ത് സമരം ഹൈജാക്ക് ചെയ്യാനും നീക്കം നടത്തിയിരുന്നു. വിശ്വാസികൾക്കിടയിൽ ശബരിമല വിഷയത്തെപ്പറ്റി ആശയക്കുഴപ്പമുണ്ടാക്കി കുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യണമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം കേരള ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്വാസസംരക്ഷണത്തിന്റെ പേര് പറഞ്ഞ് സംഘപരിവാറും യുവതീപ്രവേശനം നടപ്പാക്കുമെന്ന് സി.പി.എമ്മും നിലപാടിലുറച്ചതോടെ കണ്ണൂർ മോഡൽ രാഷ്ട്രീയ സംഘർഷങ്ങൾക്കാണ് ശബരിമല വേദിയാകുന്നത്.

കടുത്ത സുരക്ഷാ നടപടികൾക്കെതിരെ പന്തളം കൊട്ടാരം

പോലീസ് വലയത്തിൽ ശബരിമല ദർശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം വ്യക്തമാക്കി.
പോലീസ് സാന്നിധ്യം തീർഥാടനത്തെ ബാധിക്കും. സ്ത്രീ പ്രവേശനം ഉണ്ടായാൽ നടയടക്കണോ എന്ന കാര്യം തന്ത്രി തീരുമാനിക്കട്ടെയെന്നും പന്തളം കൊട്ടാരം നിർവാഹക സമിതി അംഗങ്ങൾ വ്യക്തമാക്കി. കോടതി വിധിക്കെതിരെ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് പ്രാർഥനാ യജ്ഞം നടത്തുമെന്നും കൊട്ടാരം പ്രതിനിധികൾ പറഞ്ഞു. പന്തളം കൊട്ടാരം നിർവാഹക സംഘം, പാലസ് വെൽഫയർ സൊസൈറ്റി, ക്ഷത്രിയ ക്ഷേമസഭ, പാലസ് ക്ലബ്ബ് എന്നീ സംഘടനകൾ സംയുക്തമായാണ് പ്രാർഥനായജ്ഞം നടത്തുക.

സംഘർഷ സാധ്യത കണക്കിലെടുത്ത് വനിതാ പൊലീസ് ഉൾപ്പെടെ കനത്ത സന്നാഹം

സംഘർഷ സാധ്യത കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും മറ്റിടങ്ങളിലുമായി കനത്ത പോലീസ് സന്നാഹമാണ് ആഭ്യന്തരവകുപ്പ് ഒരുക്കിയിട്ടുള്ളത്. രണ്ട് ഐ.ജിമാരുടെ നേതൃത്വത്തിൽ കമാൻഡോകൾ ഉൾപ്പെടെ 1,200 പൊലീസുകാരെയാണ് വിവിധ ഇടങ്ങളിലായി ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. സംഘപരിവാർ ഭീഷണി കണക്കിലെടുത്ത് 50 വയസ് കഴിഞ്ഞ സി.ഐ, എസ്.ഐ റാങ്കിലുള്ള 30 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കാനാണ് ആലോചന. ഇവരെല്ലാം ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്ക്കലിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവരെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം.

മാധ്യമവിലക്കുമായി സർക്കാർ

ശബരിമല നട തുറക്കുന്ന അവസരത്തിൽ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ മാധ്യമവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നടതുറക്കുന്ന ദിവസം മാത്രമേ മാധ്യമങ്ങളെ അവിടേയ്ക്ക് പ്രവേശിപ്പിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് ഇപ്പോൾ സർക്കാരും പൊലീസുമുള്ളത്. ഇതുകൊണ്ട് തന്നെ നിലയ്ക്കലിന് രണ്ടു കിലോ മീറ്റർ മുമ്പ് മാധ്യമപ്രവർത്തകരെ തടഞ്ഞു. ഇവിടെ പോലീസ് ബാരിക്കേഡും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. അട്ടത്തോട് നിവാസികളെയും പമ്പയിൽ നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരേയും മാത്രമാണ് പൊലീസ് നിലയ്ക്കൽ കടന്നു പോകാൻ അനുമതി നൽകിയിട്ടുള്ളത്. തീർഥാടകർ എത്തിത്തുടങ്ങുന്നതോടെ കടുത്ത നിരീക്ഷണം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. കെ.എസ്.ആർ.ടി.സി ബസുകളും തീർഥാടക സംഘങ്ങളെത്തുന്ന വാഹനങ്ങളും കർശന നിരീക്ഷണത്തിനു വിധേയമാക്കിയ ശേഷമാവും കടത്തി വിടുക.