ശബരിമല വിഷയത്തിൽ സർക്കാർ സമ്പൂർണ പരാജയം: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, November 7, 2018

ശബരിമലയിൽ നേരത്തേ ഉണ്ടായ പ്രശ്നങ്ങൾ ഇപ്പോൾ കൂടുതൽ വഷളായിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാര്‍ ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസിന്‍റെ നിയന്ത്രണത്തിലാണ് ശബരിമല. പേലീസ് ഇവിടെ നോക്കുകുത്തികളായി മാറിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ബി.ജെ.പി പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ ശബരിമലയിൽ തമ്പടിച്ച് പോലീസിനെ നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണാനായത്. ശബരിമലയുടെ ചരിത്രത്തിൽ സംഭവിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പോലീസിന്‍റെ സഹായത്തോടെ ബി.ജെ.പിയും ആര്‍.എസ്.എസും ശബരിമലയില്‍ അഴിഞ്ഞാടുകയായിരുന്നു. ഇവര്‍ക്ക് മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണുണ്ടായത്. ദേവസ്വം ബോർഡിന്‍റെ നിസംഗതയാണ് ശബരിമലയിൽ കാണുന്നത്. സർക്കാരിന് ഇനിയെങ്കിലും വിവേക ബുദ്ധി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീൽ രാജിവെക്കാർ തയാറാകണം. ഇക്കാര്യത്തില്‍ മന്ത്രി ഗുരുതമായ കുറ്റമാണ് ചെയ്തത്. ജയരാജന് കൊടുക്കാത്ത സൗകര്യം എന്തിനാണ് ജലീലിന് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി ജലീല്‍ രാജിവെക്കാന്‍ തയാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താകണമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.