ശബരിമല വിഷയം: UDF എം.എല്‍.എമാരുടെ സമരം നാലാം ദിവസം

Jaihind Webdesk
Thursday, December 6, 2018

udf mla indefinite satyagraha

ശബരിമല വിഷയത്തിൽ യു.ഡി.എഫ് എം.എൽ.എമാരുടെ സത്യാഗ്രഹ സമരം നാലാം ദിവസവും തുടരുന്നു. പ്രശ്നം പരിഹരിക്കാൻ സ്പീക്കർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. അതേ സമയം നിരോധനാജ്ഞ പിൻവലിക്കുന്നതിൽ ഏകപക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും സമവായ ശ്രമം വീണ്ടും നടത്താമെന്നും സ്പീക്കർ പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിപക്ഷ എം.എൽ.എ മാർ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. നാലാം ദിവസവും സമരം തുടരുന്ന സാഹചര്യത്തിൽ ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും ഇക്കാര്യത്തിൽ സ്പീക്കർ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് സ്പീക്കർ സഭയെ അറിയിച്ചു. നിരോധനാജ്ഞ പിൻവലിക്കുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്നും സമവായ ശ്രമം വീണ്ടും നടത്താമെന്നും സ്പീക്കർ നിലപാടറിയിച്ചു.

പ്രതിപക്ഷ സാമാജികർ സമരം അവസാനിപ്പിക്കണമെന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ നിലപാട് വ്യക്തമാക്കി. എന്നാൽ നിരോധനാജ്ഞ പിൻവലിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.