ശബരിമല നട അടച്ചു; തീര്‍ഥാടകരെ മാറ്റുന്നു; ശുദ്ധിക്രിയ

Wednesday, January 2, 2019

ശബരിമലയില്‍ ആചാരലംഘനം നടന്നതിന്‍റെ പശ്ചാത്തലത്തില്‍ മേല്‍ശാന്തി നട അടച്ചു. സന്നിധാനത്ത് ശുദ്ധികലശത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സന്നിധാനത്ത് നിന്ന് തീര്‍ഥാടകരെ മാറ്റുന്നു. ഒരു മണിക്കൂര്‍ നീളുന്ന പരിഹാരക്രിയകളാണ് ചെയ്യുന്നത്. മേല്‍ശാന്തിയും തന്ത്രിയും പരികര്‍മികളും ചേര്‍ന്നാണ് തീരുമാനം എടുത്തത്.

നട അടച്ച വിവരവും മറ്റ് കാര്യങ്ങളും തന്ത്രി ഫോണിലൂടെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പത്മകുമാര്‍‌ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് ആക്ടിവിസ്റ്റുകളായ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും അറിവോടെയാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും എത്തിയത്. പതിനെട്ടാം പടി ചവിട്ടാകെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ഇവരെ പോലീസ് സന്നിധാനത്തെത്തിച്ചത്. പമ്പ മുതല്‍ തന്നെ പോലീസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കിയിരുന്നു.