മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

Jaihind News Bureau
Saturday, November 16, 2019

Sabarimala-Nada-3

ഈ വർഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇത്തവണത്തെ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27നും മകരവിളക്ക് 2020 ജനുവരി 15നുമാണ്. നടതുറപ്പിന്‍റെ ഭാഗമായി വിപുലമായ സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.

ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ. നാൽപത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് അയ്യപ്പഭക്തർ ദർശന പുണ്യം തേടി ശബരിമലയിലെത്തുന്ന മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുന്നത്.  ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് യോഗ നിദ്രയിലിരിക്കുന്ന കലിയുഗവരദന്‍റെ മുന്നിൽ വിളക്ക് തെളിയ്ക്കും.  തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ കത്തിക്കും. തുടർന്ന് അയ്യപ്പഭക്തർക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമെ ഇരുമുടി കെട്ടുമായി ദർശനത്തിന് കാത്തു നിൽക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളൂ.

പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങും സന്നിധാനത്ത് നടക്കും. പുതിയ ശബരിമല മേൽശാന്തി  എ.കെ.സുധീർ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം നടത്തും. തുടർന്ന് ശ്രീകോവിലിനുള്ളിൽ വച്ച് അയ്യപ്പന്‍റെ മൂലമന്ത്രവും തന്ത്രി മേൽശാന്തിക്ക് പകർന്ന് നൽകും. മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നിൽ ഇരുത്തി അഭിഷേക ചടങ്ങുകൾ ചെയ്ത് സ്ഥാനാരോഹണം നടത്തും. വൃശ്ചികപ്പുലരിയിൽ നാളെ രാവിലെ അയ്യപ്പ ശ്രീകോവിൽ നട തുറക്കുന്നത് പുതിയ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ആയിരിക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികളെ സന്നിധാനത്തേക്ക് പോലീസ് സംരക്ഷണത്തിൽ കയറ്റണ്ട എന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും വൻ സുരക്ഷസന്നാഹമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.