അതിരു കടന്ന സംഘപരിവാർ പ്രതിഷേധം, നിരോധനാജ്ഞ: ശാന്തത തകർന്ന് ശബരിമല

B.S. Shiju
Wednesday, October 17, 2018

സ്ത്രീപ്രവേശനത്തെ തടയാൻ സംഘപരിവാറിന്‍റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങൾ അതിരുകടന്നതോടെ വിശ്വാസികളുടെ പുണ്യഭൂമിയായ ശബരിമലയുടെ ശാന്തത പൂർണമായും തകർന്നു. സംഘർഷത്തെ തുടർന്ന് നാലിടങ്ങളിൽ ഇന്ന് അര്‍ധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഇലവുങ്കൽ, പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായിരിക്കും നിരോധനാജ്ഞ നിലവിൽ വരിക. നാല് പ്രദേശങ്ങളിലും ഒരു തരത്തിലുള്ള പ്രതിഷേധസമരങ്ങളും അനുവദിക്കില്ല. സ്ത്രീപ്രവേശനത്തിനെതിരായ സമരങ്ങൾ അക്രമത്തിന് വഴിമാറിയതോടെയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തുലാമാസ പൂജകൾക്കായി ശബരിമല തുറക്കുമ്പോൾ സുപ്രീം കോടതി വിധി മുറുകെപ്പിടിച്ച് ദർശനത്തിനെത്തുന്ന വനിതകളെ തടയാനായിരുന്നു സംഘപരിവാറിന്‍റെയും ബി.ജെ.പിയുടെയും നീക്കം. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മുതൽ നിലയ്ക്കൽ വഴിയെത്തുന്ന വാഹനങ്ങളിൽ സ്ത്രീകളുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി ബസിലെത്തിയ സ്ത്രീകളെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് നിലയ്ക്കൽ സംഘർഷഭൂമിയായി മാറിയത്. സുപ്രീം കോടതിയുടെ ശബരിമലയിലെ സ്ത്രീപ്രവേശന ഉത്തരവിനെതിരെ നടക്കുന്ന സമരത്തിൽ ബോധപൂർവം അക്രമം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു സംഘപരിവാറെന്ന ആക്ഷേപമാണ് നിലവിൽ ഉയർന്നിട്ടുള്ളത്.

നടതുറക്കുന്ന ദിവസത്തിൽ ബി.ജെ.പി – സംഘപരിവാർ പ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു വിശ്വാസികളുടെ പേരിൽ അക്രമത്തിന് നേതൃത്വം നൽകിയത്. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നടപടി സ്വീകരിച്ച പൊലീസ് അവിടേക്കെത്തിയ വിശ്വാസികളെയടക്കം തല്ലിച്ചതച്ചു. പ്രതിഷേധത്തിന്‍റെ മറവിൽ അക്രമം സൃഷ്ടിച്ച സംഘപരിവാർ – ബി.ജെ.പി പ്രവർത്തകർ പൊലീസ് നടപടിയെ തുടർന്ന് ചിതറി ഓടിയതോടെ കയ്യിൽക്കിട്ടിയവർക്ക് നേരെയായിരുന്നു പൊലീസിന്‍റെ അഴിഞ്ഞാട്ടം. പൊലീസ് നടപടിയെ ചെറുത്ത സംഘപരിവാർ പ്രവർത്തകർ തുടർന്ന് പൊലീസിന് നേരെ കല്ലേറ് നടത്തുന്ന സ്ഥിതിയുമുണ്ടായി. ഇതോടെ പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. മന:പൂർവം ശബരിമലയെ സംഘർഷഭൂമിയാക്കണമെന്ന സംഘപരിവാർ- ബി.ജെ.പി അജണ്ടയാണ് ഇതിലൂടെ പുറത്തു വന്നത്. അതിനെ ബുദ്ധിപരമായി നേരിടാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംവിധാനത്തിനും കഴിഞ്ഞില്ല.

ഇതിനിടെ ശബരിമലയിലേക്ക് ദർശനത്തിനെത്തിയ സ്ത്രീകളെയും പ്രതിഷേധക്കാർ തടഞ്ഞു. നിരവധി മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. മാധ്യമപ്രവർത്തകരായ വനിതകൾക്ക് നേരെ ആക്രോശിച്ചെത്തിയ സംഘപരിവാർ പ്രവർത്തകർ മാധ്യമപ്രവർത്തകരെത്തിയ വാഹനങ്ങളും തകർത്തിട്ടുണ്ട്. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ പ്രഖ്യാപനത്തെ കാറ്റിൽ പറത്തിയായിരുന്നു ആക്രമം അരങ്ങേറിയത്. ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രൻ, എം.ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുമ്പോഴാണ് വിശ്വാസികളുടെ മറവിൽ സംഘപരിവാർ – ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്.