മുഖ്യമന്ത്രിയെ തള്ളി സി.പി.എം സെക്രട്ടറിയേറ്റ്; ശബരിമലയും പരാജയത്തിന് കാരണം; പരിശോധിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത പരാജയത്തിന് ശബരിമലയും കാരണമായെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ്. ശബരിമലയില്‍ പാര്‍ട്ടിക്ക് പിഴച്ചത് എവിടെയെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ന്യൂനപക്ഷ ധ്രുവീകരണമെന്ന ആദ്യ വാദത്തില്‍ നിന്ന് സി.പി.എം പിന്‍മാറുകയാണ്. വിവിധ ജനവിഭാഗങ്ങള്‍ യു.ഡി.എഫിനെ അനുകൂലിച്ചുവെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ അധിക്യമില്ലാത്തിടത്തുപോലും തോല്‍വിയുണ്ടായത് ഇതിന് തെളിവാണ്. ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താല്‍ക്കാലിക തിരിച്ചടി മാത്രമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ്സിനേ കഴിയൂയെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്.

Comments (0)
Add Comment