‘ഭരണകൂടം കുറ്റവാളികള്‍ക്ക് കുടപിടിക്കുന്നു’; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; കെ.പി.സി.സി.യുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

Jaihind News Bureau
Wednesday, November 12, 2025

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയത്.

രാഷ്ട്രീയ നേതൃത്വത്തേയും കുറ്റവാളികളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കനത്ത പ്രതിഷേധമുയര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അണിനിരന്നു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെയും പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെയും ശക്തമായ ഭാഷയിലാണ് ദീപാ ദാസ് മുന്‍ഷി, സണ്ണി ജോസഫ്, കെ. മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ വിമര്‍ശിച്ചത്. മാര്‍ച്ചിനൊടുവില്‍ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്തു.

എ.ഐ.സി.സി. നേതാക്കള്‍, കെ.പി.സി.സി. ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഡി.സി.സി. ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.